
കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് പി ജയരാജനെ ഇത്തവണയും പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മകന്‍ ജെയ്ന്‍ രാജ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ എം സ്വരാജ് 2019 ല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കിയാണ് ജെയ്ന്‍ രാജ് അതൃപ്തി പരസ്യമാക്കിയത്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ' എന്നായിരുന്നു അന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാണ് ജെയ്ന്‍ രാജ് പങ്കുവെച്ചത്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ കണ്ണൂരില്‍ നിന്നുള്ള അഞ്ച് നേതാക്കള്‍ ഇടംപിടിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ഇത്തവണയും തഴയപ്പെട്ടു. ഇതോടെയാണ് ജെയ്ന്‍ രാജ് അതൃപ്തി പരസ്യപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 7.05നായിരുന്നു സ്വരാജിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ജെയ്ന്‍ സ്റ്റാറ്റസാക്കിയത്. ഇത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ കെ ശൈലജ, ഇ പി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരാണ് കണ്ണൂരില്‍ നിന്ന് സിപിഐഎം സെക്രട്ടറിയറ്റില്‍ ഇടംപിടിച്ച നേതാക്കള്‍. കണ്ണൂരില്‍ നിന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെല്ലാം സെക്രട്ടറിയറ്റില്‍ ഇടംപിടിച്ചപ്പോള്‍ പി ജയരാജന്‍ മാത്രം പരിഗണിക്കപ്പെട്ടില്ല. ഇത്തവണ പി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇടംപിടിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയിലെ സീനിയര്‍ അംഗങ്ങളില്‍ ഒരാളാണ്. ഈ സാഹചര്യത്തില്‍ പി ജയരാജനെ പരിഗണിക്കണമെന്ന് അണികളില്‍ വികാരം ശക്തമായിരുന്നു
Content Highlights- jain raj shared former fb post of m swaraj after p jayarajan rejected from cpim secretariat