

കൊച്ചി: ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്ന് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു. രക്ത സാമ്പിളെടുക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും പറഞ്ഞാല്‍ തയ്യാറാകുമെന്നും പ്രയാഗ പ്രതികരിച്ചു. വാര്‍ത്ത വന്നതിന് ശേഷമാണ് താന്‍ ഓം പ്രകാശിനെ അറിയുന്നതെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെ വരുന്ന വ്യാജ വാര്‍ത്ത കാണുന്നുണ്ടെന്നും പ്രയാഗ കൂട്ടിച്ചേര്‍ത്തു.
'സുഹൃത്തുക്കളെ കാണാനാണ് പോയത്. അവിടെ ലഹരി പാര്‍ട്ടി നടക്കുന്നതായി അറിയില്ലായിരുന്നു. വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്തപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. നമ്മള്‍ പല സ്ഥലത്ത് പോകുന്നയാളുകളാണ്. അപ്പോള്‍ ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ ക്രിമിനലുകളുണ്ടോയെന്ന് ചോദിച്ചിട്ട് പോകാന്‍ പറ്റില്ലല്ലോ. അവിടെ പോയ സമയത്ത് പാര്‍ട്ടി ഒന്നും നടക്കുന്നുണ്ടായിരുന്നില്ല. എന്റെ പേരില്‍ എന്തൊക്കെ വ്യാജ വാര്‍ത്തകളാണ് വരുന്നതെന്ന് ഞാന്‍ വായിക്കുന്നുണ്ട്. ഞാന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതല്ല, എന്റെ പേരിലുള്ള വാര്‍ത്തകള്‍ ഞാന്‍ അറിയുന്നുണ്ടെന്ന് പറയുകയാണ്. തീര്‍ച്ചയായും പൊലീസ് അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കും. അതിനുള്ള ഉത്തരം ഞാന്‍ പറഞ്ഞു', പ്രയാഗ പറഞ്ഞു.
അതേസമയം മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്ക് പ്രയാഗ മറുപടി നല്‍കിയില്ല. ചില ചോദ്യങ്ങള്‍ പൊലീസ് മാത്രം ചോദിക്കുമ്പോള്‍ ഉത്തരം പറയേണ്ടതാണെന്നും അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും പ്രയാഗ പ്രതികരിച്ചു. പൊലീസ് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം കൊടുത്തിട്ടുണ്ടെന്നും പ്രയാഗ വ്യക്തമാക്കി.
നേരത്തെ നടന്‍ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്നായിരുന്നു ശ്രീനാഥ് ഭാസി മൊഴി നല്‍കിയത്. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ശ്രീനാഥ് തയ്യാറായില്ല.
ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
Content Highlights: Prayaga Martin responds after questioning in Om Prakash drug case