
കല്പറ്റ: കോട മൂടി കിടക്കുന്ന വയനാടൻ മലനിരകളുടെ ഭംഗി ആസ്വദിക്കാനാണ് ഒഡിഷയിലെ ഭുവനേശ്വറിൽ നിന്ന് ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം പ്രിയദർശിനി എത്തിയത്. അപ്രതീക്ഷിതമായ ഉരുൾപൊട്ടലിൽ കൂട്ടാളികളെ നഷ്ടപ്പെട്ട പ്രിയദർശിനിക്ക് തുണയായി മലയാളി വിദ്യാർഥിനി സാനിയ. കല്പറ്റ സ്വദേശിയും മൈസൂരുവിൽ ബി കോം വിദ്യാർഥിനിയുമായ സാനിയയാണ് പ്രിയദർശിനിക്ക് ആശുപത്രിയിൽ കൂട്ടിരിക്കുന്നത്.
ചൂരൽമലയിൽ ഇവർ താമസിച്ചിരുന്ന ഹോംസ്റ്റേ ഉരുൾപൊട്ടലിൽ തകർന്നതിനെത്തുടർന്ന് രക്ഷാപ്രവർത്തകരാണ് പ്രിയദർശിനിയെയും സുഹൃത്ത് സുകൃതിയെയും മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിച്ചത്. സുകൃതി ഐ സി യുവിലാണ്.
ശരീരഭാഗങ്ങൾ പരിശോധിക്കാൻ പ്രത്യേക ഡിഎൻഎ സംഘം; നൂറിലധികം പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക്എന്നാൽ, വാർഡിൽ പ്രവേശിപ്പിച്ച പ്രിയദർശിനി ഭാഷയറിയാത്തതിനാൽ ആരോടും മിണ്ടാനാവാതെ ഒറ്റപ്പെട്ടനിലയിൽ ഇരിക്കുന്നതു കണ്ടാണ് ഉമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സാനിയ അവരെ ശ്രദ്ധിക്കുന്നത്. ഹിന്ദി അറിയാവുന്ന സാനിയ പ്രിയദർശിനിയുമായി സംസാരിച്ച് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. പ്രിയദർശിനി, ഭർത്താവ് ഡോ. ബിഷ്ണുപ്രസാദ് ചിന്നാര, സുകൃതി മൊഹപത്ര, ഭർത്താവ് ഡോ. സ്വധീൻ പാണ്ഡെ എന്നിവരാണ് വിനോദസഞ്ചാരത്തിനെത്തിയത്. കാണാതായ ബിഷ്ണുപ്രസാദ്, സ്വധീൻ പാണ്ഡെ എന്നിവരിൽ ബിഷ്ണുപ്രസാദിന്റെ മൃതദേഹം കണ്ടെത്തി.