ചേർത്ത് പിടിക്കും; സുരേഷ് ഗോപി സഹായം നിഷേധിച്ച കുഞ്ഞിന് ചികിത്സ ഉറപ്പാക്കിയെന്ന് എം വി ഗോവിന്ദൻ

കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ

dot image

തിരുവനന്തപുരം: സഹായം ചോദിച്ചുവരുന്നവരെ ആട്ടിയോടിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്കാരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും ബിജെപി നേതാവ് സുരേഷ് ഗോപി, 'എം വി ഗോവിന്ദനോട് ചോദിക്കൂ' എന്ന് പറഞ്ഞ് മടക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപൂർവ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണൽ ഒരുക്കും. കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

അപൂർവ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണൽ ഒരുക്കും. സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്കാരം. ആ കരുതൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറായിരിക്കുകയാണ്. കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉടൻ തന്നെ അവരെ നേരിൽ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സ. വീണാ ജോർജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂര് സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകന് വേണ്ടിയാണ് അപൂര്വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് ആരോഗ്യ വകുപ്പ് നല്കുന്നത്. മലയാളിയുടെ സ്നേഹവും കരുതലും ഒരിക്കൽക്കൂടി ലോകത്തിനു മുമ്പിൽ തെളിമയോടെ നിൽക്കുകയാണ്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന സെക്രട്ടറി

കഴിഞ്ഞ ദിവസമാണ് സഹായം ചോദിച്ചെത്തിയ അമ്മയെയും രണ്ടു വയസ്സുകാരനെയും സുരേഷ് ഗോപി തിരിച്ചയച്ചത്. സഹായം എം വി ഗോവിന്ദനോട് ചോദിക്കാൻ പറഞ്ഞായിരുന്നു മടക്കിയയച്ചത്. എം വി ഗോവിന്ദൻ ആരെന്ന് മനസ്സിലാകാതിരുന്ന അമ്മ കാണുന്നവരോടെല്ലാം അദ്ദേഹത്തെ അന്വേഷിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇടപെട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി, ആ കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള സഹായമൊരുക്കുകയായിരുന്നു.

dot image
To advertise here,contact us
dot image