
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷാത്തട്ടിപ്പിൽ കൂടുതൽ അന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും ഹരിയാനയിലേക്ക് പുറപ്പെട്ടു. കൂടുതൽ പ്രതികൾ ഹരിയാനയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
ഒരു എസിപിയുടെ നേതൃത്വത്തിൽ മൂന്ന് സിഐമാർ അടങ്ങുന്ന എട്ടംഗ സംഘമാണ് ഹരിയാനയിലേക്ക് വീണ്ടും പുറപ്പെട്ടത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. വിഎസ്എസ്സി രാജ്യവ്യാപകമായി നടത്തിയ ഇലക്ട്രീഷൻ ഗേഡ് ബി പരീക്ഷയിലാണ് ആൾമാറാട്ടവും തട്ടിപ്പും നടത്തിയതായി പൊലീസ് ആദ്യം കണ്ടെത്തിയത്.
പരീക്ഷാ ദിവസം പിടിയിലായ ആറ് പേരും ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്ത നാലുപേരുമുൾപ്പെടെ പത്ത് പേരാണ് കേസിൽ പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച നിർണായകമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ഹരിയാന കേന്ദ്രീകരിക്കുന്നത്.
നിലവിൽ പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് സംഘം ഹരിയാനയിൽ തുടരുന്നുണ്ട്. ഇവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പ്രതികൾ ഹരിയാനയിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും തട്ടിപ്പിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒളിവിലായ ഇവരുൾപ്പടെയുള്ള പ്രതികളെ ഉടൻ അറസ്റ്റു ചെയ്യും എന്നാണ് പൊലീസ് നൽകുന്ന വിവരം. ഹൈടെക്ക് കോപ്പിയടിക്ക് ഒരാളിൽ നിന്ന് പ്രതിഫലമായി വാങ്ങുന്നത് 7 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള തുകയാണ്.
2018 മുതൽ ഹരിയാനയിൽ തന്നെ പലതവണ പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക