നിപ ബാധിതരുടെ ചെലവ് സർക്കാർ ഏറ്റെടുത്തേക്കും; റിപോർട്ടർ ഇംപാക്ട്

കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നാല് പേരുടെ ബിൽ തുക അഞ്ച് ലക്ഷം കവിഞ്ഞെന്ന് റിപോർട്ടർ വാർത്ത നൽകിയിരുന്നു.

dot image

കൊച്ചി: നിപ ബാധിച്ചവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തേക്കും. വിഷയം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. റിപോർട്ടർ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നാല് പേരുടെ ബിൽ തുക അഞ്ച് ലക്ഷം കവിഞ്ഞെന്ന് റിപോർട്ടർ വാർത്ത നൽകിയിരുന്നു.

നിപ ബാധിച്ചു മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ മകൻ ഉൾപ്പെടെ 4 പേരാണ് ചികിത്സയിൽ ഉള്ളത്. മുഹമ്മദലിയുടെ ഒന്പത് വയസ്സുള്ള മകന് ഇപ്പോള് വെന്റിലേറ്ററില് ആണ്. ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മുഹമ്മദലി. വലിയ തുകയുടെ ബില്ലടയ്ക്കാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിന് ഇല്ല. ആരോഗ്യ മന്ത്രി വീണാ ജോര്ജ് മിംസ് ആശുപത്രി സന്ദര്ശിച്ച അവസരത്തില് കുടുംബാംഗങ്ങളും ബന്ധുക്കളും ഈ കാര്യം മന്ത്രിയുടെ ശ്രദ്ധയില്പെടുത്തിയിരുന്നു. എല്ലാവിധ ചികിത്സയും രോഗികള്ക്ക് ഉറപ്പാക്കണമെന്ന് വീണാ ജോര്ജ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമോ എന്ന് തീരുമാനമായിരുന്നില്ല. ഇക്കാര്യം പരിഗണിക്കാമെന്നാണ് ഇപ്പോൾ മന്ത്രി അറിയിച്ചിരിക്കുന്നത്.

നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് കനത്ത ജാഗ്രത തുടരുകയാണ്. ആള്ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്ദേശം. ഉത്സവങ്ങള്, പള്ളിപ്പെരുന്നാള് തുടങ്ങിയ ആഘോഷങ്ങള് ചടങ്ങുകള് മാത്രമാക്കി നടത്തണം. വിവാഹം ഉള്പ്പടെയുള്ള ചടങ്ങുകള്ക്കും നിയന്ത്രണമുണ്ട്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സല്ക്കാരം തുടങ്ങിയ പരിപാടികള്ക്ക് പരമാവധി ആള്ക്കൂട്ടം കുറയ്ക്കണം. ആളുകള് കൂടുന്ന പരിപാടികള്ക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള് മാറ്റിവെക്കാനും നിര്ദേശമുണ്ട്.

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള് അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റിയിട്ടുണ്ട്. ഈ മാസം 23 വരെ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ട എന്നാണ് പുതിയ ഉത്തരവ്. ഈ മാസം18 മുതല് 23 വരെ ഓൺലൈൻ ക്ലാസ്സ് മതി എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്കൂള്, സ്വകാര്യട്യൂഷന് സെന്ററുകള്, അങ്കണവാടി എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാണ്. കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റി വെച്ചു.

വൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടര്ന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകള് കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് ഇന്ന് അറിയിച്ചു. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പര്ക്കം പുലര്ത്തിയവരാണിവര്. ഇതോടെ ഹൈറിസ്ക് വിഭാഗത്തില് 94 പേരുടെ ഫലം നെഗറ്റീയവായി. ഹൈറിസ്ക് കാറ്റഗറിയിലുള്ള മുഴുവന് പേരുടേയും പരിശോധന പൂര്ത്തിയാക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും സാമ്പിള് ശേഖരിക്കുകയാണ്.

dot image
To advertise here,contact us
dot image