

വനിത ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി കിരീടം നേടിയതിന് പിന്നാലെ വനിതാ താരങ്ങളുടെ ബ്രാൻഡ് വാല്യു കുത്തനെ ഉയർന്നതായി റിപ്പോർട്ട്. കിരീട നേട്ടത്തോടെ ടീമിലെ താരങ്ങളിൽ പലരുടെയും ബ്രാൻഡ് വാല്യു 35 ശതമാനം വരെ ഉയർന്നുവെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു.
പരസ്യങ്ങൾക്ക് ഉൾപ്പെടെ ഇനി താരങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ടീമിലേക്ക് അവസാന രണ്ട് മത്സരങ്ങൾക്കായി അപ്രതീക്ഷിതമായെത്തിയ ഷഫാലി വർമ (ഫൈനലിലെ താരം), ടൂർണമെന്‍റിലുടനീളം ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശർമ (ടൂർണമെന്‍റിലെ താരം), ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം റൺസ് അടിച്ചെടുത്ത സ്മൃതി മന്ദാന, സെമിയിൽ തിളങ്ങിയ ജെമീമ റോഡ്രിഗസ് എന്നിവരുടെയെല്ലാം പ്രകടനം ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായി.
ദീപ്തി ശർമ, ഷഫാലി, ജെമീമ എന്നിവരുടെ ബ്രാൻഡ് വാല്യു 20 മുതൽ 30 ശതമാനം വരെയും സീനിയർ താരങ്ങളായ ക്യാപ്റ്റൻ ഹർമൻപ്രീതിന്‍റെയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ബ്രാൻഡ് വാല്യു 35 ശതമാനം വരെ ഉയരുമെന്ന് സ്പോർട്സ് മാർക്കറ്റിങ് കമ്പനിയായ ബേസ്‌ലൈൻ വെഞ്ചേഴ്സിസ് അഭിപ്രായപ്പെട്ടു.
പേഴ്സനൽ കെയർ, ഫാഷൻ പോലെ പതിവ് പരസ്യങ്ങളിൽ മാത്രമായി ഇനി ഇന്ത്യൻ താരങ്ങളെ ഒതുക്കാനാകില്ല. ബാങ്കിങ്, ഫിനാൻഷ്യൽ സേവനങ്ങൾ, ഇൻഷുറൻസ്, ടെക്നോളജി തുടങ്ങിയ മേഖലകളിലൊക്കെയും വനിതാ താരങ്ങളുടെ സാന്നിധ്യമെത്തും.
കിരീടം നേടിയ ഇന്ത്യൻ ടീമിന് ഐ.സി.സിയുടെ സമ്മാനത്തുകയായ 39 കോടി രൂപക്ക് (44.8 ലക്ഷം ഡോളർ) പുറമെ, ബി.സി.സി.ഐയുടെ വക 51 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 90 കോടി പാരിതോഷികമാണ് ലഭിക്കുക.
അതേസമയം, കഴിഞ്ഞ വർഷം ഐ.സി.സി ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ പുരുഷ ടീമിന് 125 കോടി രൂപയായിരുന്നു ബി.സി.സി.ഐ സമ്മാനമായി നൽകിയത്. അതിന്റെ പകുതിപോലും വനിതകൾക്ക് ലഭിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
Content Highlights: brand value of womens cricket team increase after world cup win