
ഓസ്‌ട്രേലിയ അണ്ടർ 19നെതിരെ ഇന്ത്യൻ അണ്ടർ 19ന് വേണ്ടി യങ് സെൻസേഷൻ വൈഭവ് സൂര്യവംശി സെഞ്ച്വറി തികച്ചിരുന്നു. യൂത്ത് ടെസ്റ്റിലാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. വെറും 78 പന്തിലാണ് വൈഭവിന്റെ സെഞ്ച്വറി. ഓസ്‌ട്രേലിയൻ മണ്ണിൽ നടക്കുന്ന യൂത്ത് ടെസ്റ്റിൽ നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് ഇത്. ഓസ്‌ട്രേലിയയുടെ ലിയാം ബ്ലാക്ക്‌ഫോർഡിന്റെ 124 പന്തിൽ സെഞ്ച്വറി നേടിയ റെക്കോഡാണ് വൈഭവ് മറികടന്നത്.
ബ്രിസ്‌ബേനിലെ ഇയാൻ ഹീലി ഓവലിൽ നടക്കുന്ന മത്സരത്തിലാണ് വൈഭവിന്റെ ശതകം. 86 പന്തിൽ നിന്നും 113 റൺസ് നേടിയാണ് താരം കളം വിട്ടത്. യൂത്ത് ടെസ്റ്റ് ക്രിക്കറ്റിൽ 100 പന്തിനേക്കാൾ കുറവ് പന്തിൽ രണ്ട് സെഞ്ച്വറി തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററാകാൻ വൈഭവിനായി.
നേരത്തെ 2024ൽ ചെന്നൈയിൽ വെച്ച് ഓസ്‌ട്രേലിയക്കെതിരെ തന്നെ 56 പന്തിൽ സെഞ്ച്വറി തികക്കാനും അദ്ദേഹത്തിന് സാധിച്ചു. 2015ൽ മോയീൻ അലിയും 56 പന്തിൽ സെഞ്ച്വറി തികച്ചിട്ടുണ്ട്. വൈഭവിനെ കൂടാതെ വേദാന്ത് ത്രിവേദിയും ഇന്ത്യക്ക് വേണ്ടി ശതകം തികച്ചു. 192 പന്തിൽ നിന്നും 140 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 243 റൺസിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യക്ക് നിലവിൽ വമ്പൻ ലീഡുണ്ട്.
Content Highlights- Vaibhav Suryavanshi Break The Record After his Century in Youth Test