
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡിൽ സെവാഗിനൊപ്പമെത്തി റിഷഭ് പന്ത്. 90 സിക്സറുകളാണ് പന്ത് നേടിയത്. 104 ടെസ്റ്റുകളിൽ നിന്ന് 90 സിക്‌സറുകൾ നേടിയ സെവാഗിന്റെ പേരിലായിരുന്നു റെക്കോർഡ്. എന്നാൽ പന്ത് വെറും 46 മത്സരങ്ങളിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ടു. രോഹിത് ശർമ്മ (88), എംഎസ് ധോണി (78), രവീന്ദ്ര ജഡേജ (74) തുടങ്ങിയവരാണ് ഈ പട്ടികയിൽ പന്തിനും സെവാഗിനും ശേഷമുള്ളത്.
അതേ സമയം മാഞ്ചസ്റ്റർ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഹീറോയായത് റിഷഭ് പന്തായിരുന്നു. ഇന്നലെ കാലിന് സാരമായി പരിക്കേറ്റ് റിട്ടയർ ഹാർട്ടായ താരം തിരികെ വന്ന് ബാറ്റിങിനിറങ്ങി അർധ സെഞ്ച്വറി തികച്ചു.
75 പന്തുകൾ നേരിട്ട താരം രണ്ട് സിക്സറുകളും മൂന്ന് ഫോറുകളും അടക്കം 54 റൺസ് നേടിയാണ് മടങ്ങിയത്. മധ്യനിരയും വാലറ്റവും പരാജയപ്പെട്ട ഇന്നിങ്സിൽ തിളങ്ങിയത് പന്ത് മാത്രമായിരുന്നു. 41 റൺസ് നേടി ശാർദൂൽ താക്കൂർ ഭേദപ്പെട്ട പ്രകടനം നടത്തി.
ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയിലായിരുന്നു. മാഞ്ചസ്റ്ററില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിരുന്നു. യശ്വസി ജയ്‌സ്വാളിന്റെയും സായ് സുദർശന്റെയും അർധ സെഞ്ച്വറിയുടെയും കെ എൽ രാഹുലിന്റെ 46 റൺസിന്റെയും മികവിലാണ് മികച്ച സ്കോറിലേക്ക് നീങ്ങിയത്.
എന്നാൽ ആ ഒഴുക്ക് നിലനിർത്താൻ മറ്റ് താരങ്ങൾക്കായില്ല. ഒടുവിൽ ഒന്നാം ഇന്നിങ്‌സ് 358 റൺസിലവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് അഞ്ചുവിക്കറ്റും ജോഫ്രെ ആർച്ചർ മൂന്ന് വിക്കറ്റും നേടി.
Content Highlights: rishabh pant most sixes record for india in test cricket