ആർസിബിക്ക് ട്രോഫി ഇല്ലെന്ന് പറയാനാവില്ലല്ലോ? സാലാ കപ്പ് നേടുന്നതിനെ കുറിച്ച് രജത് പാട്ടിദാർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ആര്‍സിബി ക്യാപ്റ്റനായി മാറുമോ എന്ന ചോദ്യത്തിന് പാട്ടിദാർ നല്‍കിയ മറുപടിയാണ് വൈറലാവുന്നത്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടത്തിനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും ആരാഝകരുടെയും കാത്തിരിപ്പിന് 18 വര്‍ഷങ്ങളുടെ ആയുസ്സുണ്ട്. മൂന്ന് തവണ ഐപിഎല്‍ ഫൈനലിലെത്തിയിട്ടും വിരാട് കോഹ്‌ലിക്കും സംഘത്തിനും ഐപിഎല്‍ കിരീടമെന്നത് ഇപ്പോഴും കിട്ടാക്കനിയാണ്. കഴിഞ്ഞ വര്‍ഷം വനിതാ പ്രിമിയര്‍ ലീഗില്‍ കിരീടം നേടാനായതു മാത്രമാണ് ഏക ആശ്വാസം.

ഐപിഎല്ലിന്റെ 18-ാം സീസണിലെങ്കിലും സാലാ കപ്പ് ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി ടീമും ആരാധകരും. സീസണിലെ മത്സരങ്ങള്‍ പുനഃരാരംഭിക്കാനിരിക്കെ പ്ലേ ഓഫിലേക്ക് കടക്കാനിരിക്കുകയാണ് രജത് പാട്ടിദാര്‍ നയിക്കുന്ന ടീം. ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ആര്‍സിബി ക്യാപ്റ്റനായി മാറുമോ എന്ന ചോദ്യത്തിന് പാട്ടിദാർ നല്‍കിയ മറുപടിയാണ് വൈറലാവുന്നത്.

ക്ലബ്ബിന് വേണ്ടിയുള്ള ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു ടീമിന്റെ ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ ട്രോഫി നേടിയ ക്യാപ്റ്റനാകാനുള്ള സാധ്യതയെ കുറിച്ച് ആര്‍സിബി നായകന്‍ സംസാരിച്ചത്. നമുക്ക് നിലവില്‍ ഒരു ട്രോഫി ഉണ്ടല്ലോ എന്നാണ് പാട്ടിദാര്‍ പറഞ്ഞത്. 2024ല്‍ വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്മൃതി മന്ദാനയായിരിക്കും ഒരു ട്രോഫി നേടുന്ന ആദ്യ ആര്‍സിബി ക്യാപ്റ്റന്‍ എന്ന് പാട്ടിദാര്‍ എടുത്തുപറഞ്ഞു.

'നമുക്ക് ഒരു ട്രോഫിയുണ്ട്. വനിതാ ടീം കിരീടം നേടിയിട്ടുണ്ട്. അത് ഞങ്ങള്‍ക്ക് ഒരു വലിയ പ്രചോദനവുമാണ്. ഞങ്ങള്‍ക്ക് ഒരു ട്രോഫി ഇല്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ആര്‍സിബിയുടെ ക്യാപ്റ്റനാവുക എന്നത് സന്തോഷം തരുന്ന കാര്യമാണ്. വിരാട് ഭായ്, എബിഡി, ഗെയില്‍ എന്നിവര്‍ കാരണം ഞാന്‍ ഐപിഎല്‍ കാണാന്‍ തുടങ്ങിയത്. ആ ടീമില്‍ തന്നെ എത്തിപ്പെടാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രചോദനം', രജത് പറഞ്ഞു.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ മെയ് 17ന് പുനഃരാരംഭിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ആവേശപ്പോരാട്ടത്തോടെയാണ് ഐപിഎല്‍ 2025 സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Content Highlights: 'We already have one': Rajat Patidar on chances of being first RCB captain to win a Trophy

dot image
To advertise here,contact us
dot image