'അന്ന് നിങ്ങള്‍ക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു'; രോഹിത്തിന് ആശംസകളുമായി സച്ചിന്‍

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സച്ചിന്റെ പ്രതികരണം

dot image

ടെസ്റ്റ് കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ചും പ്രശംസിച്ചും ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2013ല്‍ രോഹിത്തിന്റെ ടെസ്റ്റ് അരങ്ങേറ്റ മത്സരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് താരം സമ്മാനിച്ച സംഭാവനകള്‍ക്ക് നന്ദി പറയുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സച്ചിന്റെ പ്രതികരണം.

'2013ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചതും പിന്നീട് വാങ്കഡെ സ്റ്റേഡിയത്തിന്റെ ബാല്‍ക്കണിയില്‍ നിങ്ങളോടൊപ്പം നിന്നതും ഞാന്‍ ഓര്‍ക്കുന്നു. നിങ്ങളുടെ ക്രിക്കറ്റ് യാത്ര ശ്രദ്ധേയമായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ഒരു കളിക്കാരന്‍ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിന് നിങ്ങളുടെ പരമാവധി സംഭാവന നല്‍കിയിട്ടുണ്ട്. രോഹിത്, നിങ്ങളുടെ ടെസ്റ്റ് കരിയറിനും ഭാവിക്കും ആശംസകള്‍', സച്ചിന്‍ എക്‌സില്‍ കുറിച്ചു.

2013ൽ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുള്ള പരമ്പരയിലാണ് രോഹിത് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. കന്നി മത്സരത്തിൽ തന്നെ 177 റൺസ് നേടി. തുടർന്ന് മുംബൈയിൽ നടന്ന സച്ചിന്റെ അവസാന ടെസ്റ്റിൽ പുറത്താകാതെ 111 റൺസും സ്വന്തമാക്കി.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നെന്ന തീരുമാനം അറിയിച്ചത്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് താരത്തിന്റെ പ്രഖ്യാപനം. രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ചത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഇത്രയും വര്‍ഷം നിങ്ങള്‍ സമ്മാനിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും', രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: Sachin Tendulkar Lauds Rohit Sharma’s Contributions Following Unexpected Test Retirement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us