സ്ക്രീനിൽ ടൈമർ ഇല്ല, ബ്രെവിസിന് റിവ്യൂ നിഷേധം; വിവാദത്തിലായി ഐപിഎൽ അംപയറിങ്

ടെലിവിഷൻ റിപ്ലേകളിൽ ബ്രെവിസ് ഔട്ടല്ലെന്ന് വ്യക്തമായിരുന്നു

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ അംപയറിങ് വിവാദം. ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ ഡെവാൾഡ് ബ്രെവിസിന് റിവ്യൂ നിഷേധിച്ചതാണ് അംപയറിങ് വിവാദമാകാൻ കാരണം. റിവ്യൂ നൽകാനുള്ള സമയം കഴിഞ്ഞുവെന്നായിരുന്നു അംപയറുടെ വാദം. എന്നാൽ ടെലിവിഷൻ സ്ക്രീനിൽ റിവ്യൂവിനുള്ള സമയം കാണിച്ചിരുന്നില്ലെന്നതും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് ഇന്നിങ്സിന്റെ 17-ാം ഓവറിലാണ് സംഭവം. റോയൽ ചലഞ്ചേഴ്സിന്റെ ലുൻ​ഗി എൻ​ഗിഡി എറിഞ്ഞ ഓവറില്‍ നേരിട്ട ആദ്യ ബോളിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ ഡെവാൾഡ് ബ്രെവിസ് വിക്കറ്റിന് മുന്നിൽ കുരുങ്ങി. റോയൽ ചലഞ്ചേഴ്സ് താരങ്ങളുടെ എൽ ബി ഡബ്ല്യൂ അപ്പീലിന് അംപയർ ഔട്ട് വിധിക്കുകയും ചെയ്തു.

എന്നാൽ അംപയറുടെ തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ച ബ്രെവിസ് സഹതാരം രവീന്ദ്ര ജഡേജയുമായി സംസാരിച്ച ശേഷം തേർഡ് അംപയറുടെ റിവ്യൂ പരിശോധനയ്ക്ക് ആവശ്യപ്പെട്ടു. എന്നാൽ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് അംപയർ നിധിൻ മേനോൻ ബ്രെവീസിന്റെ റിവ്യൂ തീരുമാനം വിലക്കുകയായിരുന്നു. ഈ സമയം റിവ്യൂവിനുള്ള 15 സെക്കന്റ് സമയം സ്ക്രീനിൽ തെളിഞ്ഞിരുന്നുമില്ല. പിന്നീട് ടെലിവിഷൻ റിപ്ലേകളിൽ ബ്രെവിസ് ഔട്ടല്ലെന്ന് വ്യക്തമായിരുന്നു.

അംപയർ തീരുമാനത്തെ എതിർത്ത് സഹതാരം രവീന്ദ്ര ജഡേജ ഉൾപ്പെടെ രം​ഗത്തെത്തിയിരുന്നു. പക്ഷേ ആദ്യ പന്തിൽ തന്നെ റൺസൊന്നുമെടുക്കാതെ മടങ്ങാനായിരുന്നു ബ്രെവിസിന്റെ വിധി. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സമയം കഴിഞ്ഞിട്ടും മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയുടെ റിവ്യൂ അനുവദിച്ചതും ആരാധകർ ചർച്ചയാക്കുന്നുണ്ട്. മുകേഷ് അംമ്പാനിയുടെ ടീമിന് മാത്രമാണോ സമയം കഴിഞ്ഞും റിവ്യൂ എടുക്കാൻ കഴിയുകയെന്നാണ് ആരാധകരുടെ ചോദ്യം.

അതിനിടെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് വിജയിച്ചു. ആവേശകരമായ മത്സരത്തിൽ രണ്ട് റൺസിനാണ് റോയൽ ചലഞ്ചേഴ്സിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് വരെയെത്തി.

Content Highlights: Huge DRS controversy after Dewald Brevis ran out of time to review an LBW call

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us