
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്യാനുള്ള ടീം തീരുമാനം തെറ്റിപോയെന്ന് തുറന്ന് സമ്മതിച്ച് ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ വിപ്രജ് നിഗം. കളിയുടെ അവസാന സമയങ്ങളിൽ മഞ്ഞു വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഞങ്ങൾ ആദ്യം പന്തെറിയാൻ തീരുമാനിച്ചതെന്നും വിപ്രജ് പറഞ്ഞു.
മഞ്ഞുവീഴ്ച്ചയുണ്ടെങ്കിൽ രണ്ടാമത് ബൗൾ ചെയ്യുക പ്രയാസകരമാകുമായിരുന്നു. അത് മുന്നിൽ കണ്ടാണ് ആദ്യം ബൗൾ ചെയ്തത്. എന്നാൽ വിചാരിച്ച പോലെ മഞ്ഞുവീഴ്ച്ചയുണ്ടായില്ല. വിപ്രജ് കൂട്ടിച്ചേർത്തു. തോറ്റെങ്കിലും ഞങ്ങൾ ഇപ്പോഴും ആദ്യ നാലിൽ തന്നെയുണ്ടെന്നും ശക്തമായി തിരിച്ചുവരുമെന്നും നിഗം കൂട്ടിച്ചേർത്തു.
അതേസമയം 14 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് തോൽവി വഴങ്ങിയത്. ഇതോടെ പ്ളേ ഓഫ് സാധ്യത കൊൽക്കത്ത നിലനിർത്തി. മത്സരത്തിൽ കൊൽക്കത്ത നേടിയ 204 റൺസിന്റെ ടോട്ടൽ പിന്തുടർന്ന ഡൽഹിയുടെ മറുപടി 190 റൺസിൽ അവസാനിക്കുകയായിരുന്നു.
ഡൽഹിക്ക് വേണ്ടി ഫാഫ് ഡുപ്ലെസി 62 റൺസും ക്യാപ്റ്റൻ അക്‌സർ പട്ടേൽ 43 റൺസും നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച് വിപ്രജ് നിഗവും പ്രതീക്ഷ നൽകിയെങ്കിലും 38 റൺസ് നേടി പുറത്തായി. മറ്റാർക്കും തിളങ്ങാനായില്ല. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി രഘുവൻഷി 32 പന്തിൽ 44 റൺസും റിങ്കു സിങ് 36 റൺസും നേടി. റഹ്‌മാനുള്ള ഗുർബാസ് 26 റൺസും സുനിൽ നരെയ്ൻ 27 റൺസും അജിങ്ക്യാ രഹാനെ 26 റൺസും നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്നും അക്‌സർ പട്ടേലും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതവും നൽകി.
Content Highlights: Did DC make wrong call at the toss against KKR? Vipraj Nigam reacts