'ടി20 ലീഗുകളല്ല, ഇംഗ്ലണ്ട് ക്രിക്കറ്റിന് തന്നെയാണ് എന്റെ മുൻ​ഗണന'; നിലപാടിൽ ഉറച്ച് ഹാരി ബ്രൂക്ക്

'ടി20 ലീ​ഗുകൾ കളിച്ചില്ലെങ്കിൽ ഒരൽപ്പം പണം നഷ്ടപ്പെടുമായിരിക്കും. സമീപഭാവിയിൽ ഞാൻ ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റും കളിക്കില്ല'

dot image

ഇന്ത്യൻ പ്രീമിയർ ലീ​​ഗ് താരലേലത്തിൽ വിറ്റഴിഞ്ഞതിന് ശേഷം തുടർച്ചയായ രണ്ടാം സീസണിലും ടൂർണമെന്റിൽ നിന്ന് പിന്മാറിയതിൽ പ്രതികരണവുമായി ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ഹാരി ബ്രൂക്ക്. 'ട്വന്റി 20 ലീ​ഗുകളെക്കാൾ ഇംഗ്ലണ്ട് ക്രിക്കറ്റിനാണ് താൻ മുൻ​ഗണന നൽകുന്നതെന്നാണ് ബ്രൂക്ക് പറയുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിനെ കുറച്ചു കാലത്തേക്ക് ഒരു പടി പിന്നിൽ നിർത്താൻ കഴിയും. മറ്റെന്തിനേക്കാളും ഞാൻ ഇംഗ്ലണ്ടിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുന്നു.' ഹാരി ബ്രൂക്ക് പ്രതികരിച്ചു.

'ടി20 ലീ​ഗുകൾ കളിച്ചില്ലെങ്കിൽ ഒരൽപ്പം പണം നഷ്ടപ്പെടുമായിരിക്കും. സമീപഭാവിയിൽ ഞാൻ ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റും കളിക്കില്ല. ഇംഗ്ലണ്ടിനും അവരോടൊപ്പമുള്ള മത്സരങ്ങൾക്കും ഞാൻ മുൻഗണന നൽകും. ഐപിഎല്ലിന് പിന്മാറിയതിൽ തനിക്ക് വിലക്ക് ലഭിച്ചതായി അറിയില്ലെന്നും ബ്രൂക്ക് പ്രതികരിച്ചു. ബിസിസിഐ വിലക്കിനെക്കുറിച്ച് അറിയില്ല. എനിക്ക് വിലക്ക് ലഭിക്കുകയാണെങ്കിൽ, അത് ന്യായമായ കാര്യമാണ്. അത് ബിസിസിഐ നിയമങ്ങൾപ്രകാരമാണ്. പക്ഷേ ഞാൻ ഇംഗ്ലണ്ടിന് വേണ്ടി ക്രിക്കറ്റ് കളിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്.' ബ്രൂക്ക് വ്യക്തമാക്കി.

ഐപിഎൽ നിയമപ്രകാരം താരലേലത്തിൽ പങ്കെടുക്കുകയും വിറ്റുപോകുകയും ചെയ്ത താരം വ്യക്തമായ കാരണം പറയാതെ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത് താരത്തെ രണ്ട് വർഷത്തേയ്ക്ക് ടൂർണമെന്റിൽ നിന്ന് വിലക്കുന്നതിന് കാരണമാകും. ഈ നിയമപ്രകാരമാണ് ഇം​ഗ്ലണ്ട് താരം ഹാരി ബ്രൂക്കിന് ഐപിഎല്ലിൽ കളിക്കുന്നതിൽ നിന്നും രണ്ട് വർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ വന്നത്.

ഐപിഎൽ 2025ൽ ഹാരി ബ്രൂക്കിനെ ഡൽഹി ക്യാപിറ്റൽസ് ആയിരുന്നു സ്വന്തമാക്കിയത്. ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് താരം ഐപിഎല്ലിൽ നിന്ന് പിന്മാറിയതായി അറിയിച്ചത്. നേരത്തെ 2024ലെ ഐപിഎല്ലിന് മുമ്പും ബ്രൂക്ക് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. അമ്മൂമ്മയുടെ മരണം ചൂണ്ടിക്കാട്ടിയായിരുന്നു ബ്രൂക്ക് അന്ന് ഐപിഎല്ലിൽ നിന്ന് പിന്മാറിയത്.

Content Highlights: Harry Brook Breaks Silence On Decision To Pull Out Of IPL 2025

dot image
To advertise here,contact us
dot image