ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ജയ് ഷാ; ആരോപണവുമായി അർജുന രണതുംഗ

2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാനും ശ്രീലങ്കയ്ക്ക് സാധിച്ചില്ല.

dot image

കൊളംബോ: ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീലങ്ക നായകൻ അർജുന രണതുംഗ. ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ജയ് ഷായാണെന്നാണ് രണതുംഗയുടെ ആരോപണം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ജയ് ഷാ ദുരുപയോഗം ചെയ്യുന്നു. ബോർഡിനെ ചവിട്ടിത്താഴ്ത്താൻ ജയ് ഷാ ശ്രമിക്കുന്നതായും അർജുന രണതുംഗ ഒരു ശ്രീലങ്കൻ മാധ്യമത്തോട് പ്രതികരിച്ചു.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ നിയന്ത്രിക്കുന്നത് ജയ് ഷായാണ്. ബിസിസിഐ സെക്രട്ടറിയുടെ സമ്മർദത്തിൽ ലങ്കൻ ബോർഡ് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ആഭ്യന്തര മന്ത്രിയായ അമിത് ഷാ കാരണമാണ് മകൻ ജയ് ഷാ ഇത്രയും വലിയ അധികാര സ്ഥാനത്തിൽ ഇരിക്കുന്നതെന്നും രണതുംഗ ആരോപിച്ചു.

ലോകകപ്പിൽ ഏക്കാലത്തെയും മോശം പ്രകടനമാണ് ശ്രീലങ്ക നടത്തിയത്. 2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാനും ശ്രീലങ്കയ്ക്ക് സാധിച്ചില്ല. ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ലങ്കയ്ക്ക് ലോകകപ്പിൽ ജയിക്കാൻ കഴിഞ്ഞത്. മോശം പ്രകടനത്തിന് പിന്നാലെ ലങ്കൻ ക്രിക്കറ്റ് ബോർഡിനെ ശ്രീലങ്കൻ സർക്കാർ പിരിച്ചുവിട്ടു. കോടതി ഈ നടപടി സ്റ്റേ ചെയ്തെങ്കിലും ക്രിക്കറ്റ് ബോർഡിലെ സർക്കാർ ഇടപെടൽ ആരോപിച്ച് ഐസിസിയുടെ സസ്പെൻഷൻ നടപടിക്കും ഇടയാക്കി. 2024ലെ അണ്ടർ 19 ലോകകപ്പിന് വേദിയാകാനുള്ള ലങ്കയുടെ അവസരം ഉൾപ്പടെ അനിശ്ചിതത്തിലാണ്.

dot image
To advertise here,contact us
dot image