
റബാത്ത്: പ്രകൃതിക്ഷോഭം നാശം സൃഷ്ടിച്ച മൊറോക്കൻ ജനതയ്ക്കു അഭയമൊരുക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സ്വന്തം ഹോട്ടലിൽ താമസം ഒരുക്കുകയാണ് താരം. മറാക്കിഷിലെ പെസ്താന സിആർ7 എന്ന ഹോട്ടലിലാണ് ദുരന്തബാധിതർക്കായി അഭയസ്ഥാനം ഒരുക്കിയിരിക്കുന്നത്.
സ്പാനിഷ് മാധ്യമമായ 'മാഴ്‌സ'യാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയിൽ ഉണ്ടായ ഭൂകമ്പത്തിൽ ക്രിസ്റ്റ്യാനോ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മൊറോക്കോയിലുള്ള എല്ലാവർക്കും സ്‌നേഹവും പ്രാർത്ഥനകളും അറിയിക്കുന്നുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മുമ്പ് തുർക്കി, സിറിയ തുടങ്ങിയിടത്തുണ്ടായ പ്രകൃതിക്ഷോഭത്തിലും റൊണാൾഡോ സഹായഹസ്തവുമായി എത്തിയിരുന്നു. സെപ്റ്റംബർ എട്ടിനാണ് മൊറോക്കോയിൻ വൻഭൂകമ്പം ഉണ്ടായത്. മറാക്കിഷിന്റെ ദക്ഷിണ-പടിഞ്ഞാറൻ മേഖലകളിലുണ്ടായ ഭൂകമ്പം റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ ഇതുവരെ 2,000ത്തിലേറെ പേർ കൊല്ലപ്പെട്ടതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.