Top

പ്രിയപ്പെട്ട വിരാട്, 'ഈ കാലവും കടന്നു പോവും'

2011ല്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സുകളില്‍ സെഞ്ച്വറി നേടുകയും ചെയ്തതോടെ വിരാട യുഗത്തിന് ആരംഭമായി എന്നു പറയാം.

18 July 2022 1:19 PM GMT
അന്‍ഷിഫ് ആസ്യ മജീദ്

പ്രിയപ്പെട്ട വിരാട്,  ഈ കാലവും കടന്നു പോവും
X

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ദീര്‍ഘകാല അവധിയെടുത്ത് വിരാട് കൊഹ്‌ലി ഇന്ത്യന്‍ ജഴ്‌സിയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കറും, സൗരവ് ഗാംഗുലിയും, മുഹമ്മദ് അസ്ഹറുദ്ദീനും, മഹേന്ദ്ര സിംഗ് ധോണിയുമെല്ലാം ഒരു കാലഘട്ടത്തില്‍ കടന്നുപോയതിന് സമാനമായ പ്രതിസന്ധിഘട്ടം. വിമര്‍ശകര്‍ ഏറെയുണ്ടെങ്കിലും വിരാടിന്റെ ക്രിക്കറ്റ് കരിയറിലെ ഭംഗിയും ആധികാരികതയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല, അത്രയധികം പ്രൗഢ ഗംഭീരമായിരുന്നു ആ കരിയര്‍. താരത്തിന്റെ പ്രൊഫഷണല്‍ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പിറന്നത് ധാക്കയിലാണ്...

2012 മാര്‍ച്ച് 18, ധാക്കയിലെ നിറഞ്ഞു കവിഞ്ഞ ഷേര്‍ ബംഗള സ്‌റ്റേഡിയം. ഏഷ്യ കപ്പിലെ അഞ്ചാം മത്സരം, ഇന്ത്യയുടെ എതിരാളികള്‍ ചിരവൈരികളായ പാകിസ്ഥാന്‍. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്, മറുവശത്ത് പാക് ടീമിനെ നയിച്ചത് മിസ്ബാഹ് ഉള്‍ ഹഖ്. ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചില്‍ ആദ്യം ബാറ്റു ചെയ്യുന്നവര്‍ക്ക് കൃത്യമായ മുന്‍തൂക്കം പ്രവചിക്കപ്പെട്ടു. ഭയപ്പെട്ടതുപോലെ ഇന്ത്യക്ക് ടോസ് നഷ്ടമായി. മിസ്ബാഹ് ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുന്നു.

പ്രവീണ്‍ കുമാര്‍, ഇര്‍ഫാന്‍ പത്താന്‍, അശോക് ദിന്‍ഡ എന്നിവരാണ് ഇന്ത്യന്‍ ബൗളിംഗിനെ നയിച്ചത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവിചന്ദ്ര അശ്വിനും. ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസും നാസിര്‍ ജംഷിദും ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. ഹഫീസും(105 റണ്‍സ്), ജംഷിദും(112 റണ്‍സ്) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 224 റണ്‍സ്. പിന്നീടെത്തിയ യൂനിസ് ഖാനും (34 പന്തില്‍ 52 റണ്‍സ്), ഉമ്രാന്‍ അക്മലും (24 പന്തില്‍ 28 റണ്‍സ്) തകര്‍ത്തടിച്ചതോടെ പാകിസ്ഥാന്‍ സ്‌കോര്‍ 300 കടന്നു. അവസാന ലാപ്പില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ പാക് ഇന്നിംഗ്‌സ് നിശ്ചിത 50 ഓവറില്‍ 329 റണ്‍സിന് അവസാനിച്ചു.


ഗൗതം ഗംഭീറും സച്ചിനും ഓപ്പണര്‍മാരായി കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഗംഭീര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് കളത്തിലെത്തിയത് വിരാട് കൊഹ്‌ലിയെന്ന ഡെല്‍ഹിക്കാരന്‍. കൊഹ്‌ലി പക്ഷേ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയായിരുന്നില്ല. മറുവശത്ത് സച്ചിനെന്ന 'ആപത്തിനെ' പുറത്താക്കാനായിരുന്നു മിസ്ബാഹിന്റെ തന്ത്രം. എന്നാല്‍ പാകിസ്ഥാനെ അമ്പരിപ്പിച്ചത് സച്ചിനായിരുന്നില്ല. പാക് ബൗളിംഗിലെ കുന്തമുനയെന്ന് അറിയപ്പെട്ടിരുന്ന ഉമര്‍ ഗുല്ലിനെ തിരഞ്ഞുപിടിച്ച് പെരുമാറിയ കൊഹ്‌ലി സ്‌കോര്‍ ബോര്‍ഡിന് തീപിടിപ്പിച്ചു.

കൊഹ്‌ലി ക്രിസീല്‍ നിലയുറപ്പിച്ചതിന് പിന്നാലെ ആക്രമണോത്സുക പുറത്തെടുത്ത സച്ചിന്‍ റണ്‍റേറ്റ് കൂട്ടി. ഓരോ ബൗണ്ടറി നേടുമ്പോഴും സച്ചിന്‍ കൊഹ്‌ലിയുടെ തോളില്‍ തട്ടി അഭിനന്ദിച്ചു. എന്നാല്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സയിദ് അജ്മല്‍ പൊളിച്ചു. 20-ാം ഓവറിലെ മൂന്നാം പന്തില്‍ സച്ചിന്‍ വീണു. സ്‌കോര്‍ 132-2. മൂന്നാമനായി എത്തിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കൊഹ്‌ലി പോരാട്ടം തുടര്‍ന്നു.

സീനിയര്‍ താരങ്ങള്‍ പോലും വിരാടിന് വേണ്ടി നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്ന കാഴ്ച്ചയ്ക്കായിരുന്നു ധാക്ക സാക്ഷിയായത്. രോഹിത് സൂക്ഷ്മതയോടെ ബാറ്റു വീശി, നിരവധി ഡോട് ബോളുകള്‍. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ പേരുകേട്ട പാക് ബൗളര്‍മാരെ നിലംപരിശാക്കുകയായിരുന്നു കൊഹ്‌ലി. തനിക്ക് നേരെ വരുന്ന ഓരോ പന്തും ബൗണ്ടറിയിലേക്ക് പായിച്ചു. ഇതിനിടെ സെഞ്ച്വറി പൂര്‍ത്തിയാക്കി. രോഹിത്തിനൊപ്പം സ്‌കോര്‍ 300 കടത്തിയ കൊഹ്‌ലി വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 47.1 ഓവറില്‍ 318. ഈ ഓവറില്‍ തന്നെ ഇന്ത്യ വിജയിക്കുകയും ചെയ്തു. ധാക്കയിലെ പാക് ആരാധകര്‍ പോലും കൊഹ്‌ലിക്ക് മുന്നില്‍ ശിരസ് നമിച്ചുപോയ പ്രകടനം.

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായിരുന്നു അന്ന് പിറന്നത്. 148 പന്തുകള്‍ നേരിട്ട് 183 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ 22 ബൗണ്ടറികളും രണ്ടും സിക്‌സറും. സച്ചിന് ശേഷം മറ്റൊരു ഇന്ത്യന്‍ താരം ക്രിക്കറ്റ് ലോകം കീഴടക്കുമെന്ന വാദത്തിന് അടിവരയിടുകയായിരുന്നു കൊഹ്‌ലി അന്ന് ചെയ്തത്. സ്ഥിരതയുള്ള കരിയറിന്റെ തുടക്കം. 262 ഏകദിന മത്സരത്തില്‍ 253 തവണ പാഡണിഞ്ഞ് കളത്തിലിറങ്ങി, 43 സെഞ്ച്വറികള്‍, 64 അര്‍ധസെഞ്ച്വറികള്‍, 92.84 സ്‌ട്രൈക് റേറ്റ് തുടങ്ങി വിരാട വീര്യത്തിന് മുന്നിലുള്ള കണക്കുകളേറെയാണ്. ഏകദിനത്തില്‍ മാത്രം 12344 റണ്‍സെന്നത് സമീപകാല ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സംഖ്യയാണ്. 173 ടെസ്റ്റ് ഇന്നിംഗ്‌സുകളിലായി 8074 റണ്‍സും താരത്തിന്റേ പേരിലുണ്ട്.


അണ്ടര്‍-19 ലോകകപ്പ് ഇന്ത്യയിലെത്തിച്ചാണ് വിരാട് കൊഹ്‌ലിയെന്ന കൗമാരക്കാരന്‍ വാര്‍ത്തകളിലിടം നേടുന്നത്. ടെക്‌നിക്കല്‍ ഷോട്ടുകളും സാമ്പ്രദായിക ബാറ്റിംഗ് തന്ത്രവുമാണ് താരത്തിന് ലഭിച്ച പ്രധാന വിശേഷണങ്ങള്‍. ഓപ്പണര്‍ സ്ഥാനത്ത് സ്ഥിരതയുള്ള കളിക്കാരില്ലാത്ത വിഷമിക്കുന്ന 2008ലാണ് കൊഹ്‌ലി ടീമിലെത്തുന്നത്. എന്നാല്‍ 20കാരന് ഭീഷണിയായി സെവാഗ്-സച്ചിന്‍ കൂട്ടുക്കെട്ട് മികച്ച പ്രകടനത്തോടെ ടീമില്‍ സ്ഥിരതയുറപ്പിച്ചതോടെ ടീമിന് പുറത്തായി. ഡെല്‍ഹിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതോടെ വീണ്ടും നീല ജഴ്‌സിയിലേക്ക് ക്ഷണം. 2009ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ വിജയത്തില്‍ നിര്‍ണായക ഇന്നിംഗ്‌സ് കളിച്ച കൊഹ്‌ലി പത്രങ്ങളിലെ തലക്കെട്ടുകളായി. 2011ല്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സുകളില്‍ സെഞ്ച്വറി നേടുകയും ചെയ്തതോടെ വിരാട യുഗത്തിന് ആരംഭമായി എന്നു പറയാം.


എന്നാല്‍ 2019ന്റെ അവസാനത്തിന് ശേഷം താരത്തില്‍ നിന്ന് പ്രതിഭയുള്ള പ്രകടനങ്ങളൊന്നുമുണ്ടായില്ല. ഏകദിനത്തില്‍ 2019ന്റെ അവസാനം വരെയുള്ള കണക്ക് അനുസരിച്ച് 242 മത്സരത്തില്‍ നിന്ന് 11609 റണ്‍സാണ് താരം നേടിയത്. 59.84 എന്ന മികച്ച ശരാശരിയും 43 സെഞ്ച്വറിയും 55 ഫിഫ്റ്റിയും അദ്ദേഹത്തിനുണ്ടായിരുന്നു. 2020 മുതലുള്ള കണക്ക് നോക്കുമ്പോള്‍ 18 മത്സരത്തില്‍ നിന്ന് 702 റണ്‍സ് മാത്രമായി ചുരുങ്ങി. 9 അര്‍ധസെഞ്ച്വറി നേടിയെന്നത് മാത്രമാണ് കണക്കുകളില്‍ നേരിയ മുന്‍തൂക്കം. ടെസ്റ്റ് ക്രിക്കറ്റിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത്. 2020ല്‍ മുതലുള്ള കണക്കുകള്‍ പ്രകാരം 18 മത്സരങ്ങളില്‍ നിന്ന് 872 റണ്‍സിലേക്ക് ഒതുങ്ങി. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും 50 മുകളില്‍ ശരാശരിയുള്ള താരമെന്ന ഖ്യാതിയും നഷ്ടമായി.

'70തിലധികം സെഞ്ച്വറികള്‍ ബന്ധുവിട്ടിന്റെ പിറകുവശത്ത് കളിച്ചുണ്ടാക്കിയതോ, കാന്‍ഡി ക്രഷ് വീഡിയോ ഗെയിം കളിച്ചോ ഉണ്ടാക്കിയതല്ലെന്ന് നിങ്ങള്‍ മനസിലാക്കണം' വിരാടിനെക്കുറിച്ച് ശുഹൈബ് അക്തര്‍

കൊവിഡ് കാലഘട്ടത്തിന് ശേഷം കളിക്കളം വീണ്ടും ഉണര്‍ന്നപ്പോള്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന് നല്ല ദിനങ്ങളായിരുന്നില്ല, അതൊരു വസ്തുതയാണ്. എല്ലാ ഫോര്‍മാറ്റുകളിലും നിരന്തരം പരാജയപ്പെട്ടു. അവസാനമായി ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലും സമ്പൂര്‍ണമായി അടിയറവ് പറയുന്ന പ്രകടനം. പ്രതാപകാലത്തെ കൊഹ്ലിയുടെ നിഴല്‍പോലുമുണ്ടായിരുന്നില്ല ആ മത്സരങ്ങളിലൊന്നും. ബിസിസിഐയുമായി കൊഹ്ലി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫോമിലേക്കുയരാനാവാതെ താരം വിഷമിക്കുന്നതെന്നും പ്രത്യേകം ഓര്‍ക്കണം.


രോഹിത് ശര്‍മ്മയ്ക്ക് നായക സ്ഥാനം കൈമാറുക കൊഹ്ലിയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. കൈനിറയെ നേട്ടങ്ങളുമായി പടിയിറങ്ങിയ ധോണിയുടെ നിഴലായിരുന്നു കൊഹ്ലി. ധോണി നേടിയ നേട്ടങ്ങള്‍ക്ക് പകുതി പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്നത് സത്യം തന്നെയാണ്. ടൂര്‍ണമെന്റുകളുടെ വിജയവും കപ്പുകളും വിരാടിന്റെ പോക്കറ്റില്‍ കുറവായിരുന്നു, ഒന്നും നേടാതെ പടിയിറങ്ങേണ്ടി വരുന്ന നായകനായി മാറേണ്ടിവരുമെന്ന സമ്മര്‍ദ്ദമാവാം ഒരുപക്ഷേ ബിസിസിഐയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. മറുവശത്ത് രോഹിത്തിന് അര്‍ഹിച്ച നായക സ്ഥാനത്തിനായുള്ള കാത്തിരിപ്പിന് വിരാമം ഇടേണ്ടതുണ്ട്. രവിശാസ്ത്രിയുടെ പടിയിറക്കവും കൊഹ്ലിക്ക് ആഘാതമായി.

രണ്ടര വര്‍ഷത്തോളം ഒരു സെഞ്ച്വറി പോലും കണ്ടെത്താനാവാത്തത് വിമര്‍ശന വിധേയമാവേണ്ടത് തന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പതിറ്റാണ്ടിലധികം മുന്നോട്ടുനയിച്ചയാള്‍ക്ക് ഇനിയും അവസരങ്ങള്‍ നല്‍കേണ്ടതില്ലേ. പാക് ക്രിക്കറ്റ് താരമായ ബാബര്‍ അസം മുതല്‍ ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ് വരെ കൊഹ്‌ലിക്ക് ഇനിയും അവസരങ്ങള്‍ നല്‍കണമെന്ന് വിശ്വസിക്കുന്നവരാണ്. ഒരുപക്ഷേ 90ലെ ക്രിക്കറ്റ് ആരാധകരും കുട്ടിക്രിക്കറ്റ് ആരാധകര്‍ക്കും ഈ അഭിപ്രായം തന്നെയാവും. വിരാട് ഭാവത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കാം.

Story Highlights: Virat Kohli Career crisis and survival

Next Story