ഇന്ത്യന് ക്രിക്കറ്റിന്റെ മഹേന്ദ്രജാലം; ക്യാപ്റ്റന് കൂള് @ 43

രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപറ്റന്മാരില് ഒരാളായ ധോണിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെമ്പാടുള്ള ആരാധകര്

dot image

സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ജീവിതം. അല്ല, ബോക്സോഫീസുകളെ ഇളക്കിമറിച്ച സിനിമ തന്നെയായ ജീവിതം. മുന് ഇന്ത്യന് ക്യാപ്റ്റന് എം എസ് ധോണിക്ക് ഇന്ന് 43-ാം ജന്മദിനം. രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപറ്റന്മാരില് ഒരാളായ ധോണിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെമ്പാടുള്ള ധോണി ആരാധകര്.

അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ പൂജ്യത്തിന് പുറത്ത്. ഇതിഹാസത്തിനൊത്ത നാടകീയ തുടക്കം. ആദ്യ പതർച്ചയെ അതിവേഗം മറികടന്ന് ക്രിക്കറ്റ് സിംഹാസനങ്ങളിൽ അധികവേഗം ഇരിപ്പിടമുറപ്പിക്കുന്ന എം എസ് ധോണിയെയാണ് ആരാധകർ പിന്നീട് കണ്ടത്. 2007 ല് ടീം ഇന്ത്യയുടെ നെടുനായകനായ ധോണി പ്രഥമ ട്വന്റി20 ലോകകിരീടം ഇന്ത്യയിലെത്തിച്ച് ഏല്പ്പിച്ച ജോലിയ്ക്ക് താന് പര്യാപ്തനാണെന്ന് അടിവരയിട്ടു.

2009ൽ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാമതെത്തിച്ച ധോണി, 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ചു. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ തോളിലേറ്റിയുള്ള ധോണി സംഘത്തിന്റെ വിജയ ലാപ്പ് ഇന്ത്യന് ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഏടായി അടയാളപ്പെടുത്തപ്പെട്ടു.

ഏറ്റവും കൂടുതല് ഫൈനല് വിജയങ്ങളുള്ള ക്യാപ്റ്റന്, മൂന്ന് ഐസിസി കിരീടങ്ങള് നേടിയ ക്യാപ്റ്റന്, രാജ്യാന്തര ക്രിക്കറ്റില് ഏറ്റവും കൂടുതല് സ്റ്റംപിംഗ് നടത്തിയ വിക്കറ്റ് കീപ്പർ, ഏകദിനത്തില് ഏറ്റവും കൂടുതല് തവണ നോട്ടൗട്ടായ ബാറ്റ്സ്മാൻ. 2020 ആഗസ്റ്റ് 15 ന് സംഭവബഹുലമായ ആ രാജ്യാന്തര കളിജീവിതത്തിന് ധോണി തന്നെ ഉപസംഹരണം കുറിച്ചു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്ന് 7.29 മുതല് ഞാന് വിരമിച്ചതായി കണക്കാക്കുക.

അപ്രവചനീയതകളുടെ നായകൻ കരിയറിന്റെ അവസാന അധ്യായത്തിലാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞകുപ്പായത്തിലെ ഏഴാം നമ്പറിൽ അടുത്ത സീസണിലും തലൈവർ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകർ.

മഹേന്ദ്രസിങ് ധോണി എന്ന സമ്പൂർണ്ണ ക്രിക്കറ്റർക്ക്, റിപ്പോർട്ടറിന്റെ ജന്മദിനാശംസകൾ.

dot image
To advertise here,contact us
dot image