ഉയരെ വന്മതിൽ; ഒരിക്കൽ തലതാഴ്ത്തിയ മണ്ണിൽ അയാൾ ത്രിവർണം ഉയർത്തി

ടീമിന്റെ വിജയമല്ലാതെ മറ്റൊന്നും അയാൾ ചിന്തിക്കുകപോലും ചെയ്തിട്ടില്ല.
ഉയരെ വന്മതിൽ; ഒരിക്കൽ തലതാഴ്ത്തിയ മണ്ണിൽ അയാൾ ത്രിവർണം ഉയർത്തി

മുമ്പൊരിക്കലും രാഹുൽ ദ്രാവിഡിനെ ഇങ്ങനെ കണ്ടിട്ടില്ല. ഈ വിജയം അയാളെ അത്രമേൽ സന്തോഷിപ്പിക്കുന്നു. തനിക്ക് വേണ്ടിയോ രോഹിത് ശർമ്മയ്ക്ക് വേണ്ടിയോ അല്ല അയാളുടെ നേട്ടം. മറിച്ച് ഈ രാജ്യത്തിന് വേണ്ടിയാണ്. 140 കോടി ജനങ്ങൾക്ക് വേണ്ടിയാണ്. അത് അറിയണമെങ്കിൽ‌ കുറച്ച് വർഷങ്ങൾ പിന്നോട്ട് പോകണം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒന്നര പതിറ്റാണ്ട് നീണ്ട കരിയർ. എക്കാലവും ഇന്ത്യന്‍ ടീമിന്റെ വന്‍മതില്‍. മുന്‍നിര തകര്‍ന്നടിഞ്ഞ പല മത്സരങ്ങളിലും എതിരാളികളുടെ ബൗളിംഗ് ആക്രമണം ആ മതിലില്‍ തട്ടി നിന്നു. സച്ചിനും സൗരവും ഇതിഹാസമായി തിളങ്ങി നിന്ന കാലത്ത് രാഹുലും ഒപ്പമുണ്ടായിരുന്നു. എന്നും ശാന്തസ്വഭാവക്കാരനായ താരം. ഒരുകാലത്തും വിവാദങ്ങളുടെ ക്രീസിൽ ബാറ്റ് ചെയ്തിട്ടില്ല. ടീമിന്റെ വിജയമല്ലാതെ മറ്റൊന്നും ചിന്തിക്കുകപോലും ചെയ്തിട്ടില്ല.

ക്രിക്കറ്റ് ലോകത്തിന് മറക്കാനാകാത്ത ദ്രാവിഡിന്റെ ഇന്നിംഗ്സുകൾ നിരവധിയാണ്. 1999 ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത ദ്രാവിഡ്-​ഗാം​ഗുലി കൂട്ടുകെട്ട്. സച്ചിനൊപ്പം ചേർന്ന് ന്യൂസിലൻഡിനെ നിലംപരിശാക്കിയ ദ്രാവിഡ്. കൊൽക്കത്തയിൽ സ്റ്റീവ് വോയെ പരാജയപ്പെടുമ്പോൾ ലക്ഷമണിനൊപ്പം ഹീറോയായ താരം. ഇതൊക്കെ ക്രിക്കറ്റ് ലോകത്ത് ആർക്കെങ്കിലും മറക്കാനാവുമോ?

2007ൽ ആദ്യമായി വൻമതിലിന് വിള്ളൽ വീണു. വെസ്റ്റ് ഇൻ‌ഡീസിൽ നടന്ന ലോകകപ്പിലെ നാണം കെട്ട തോൽവി. നായകസ്ഥാനം ഉപേക്ഷിച്ച വർഷം. പിന്നാലെ മോശം ഫോം, ടീമിന് പുറത്ത്. പക്ഷേ വിദേശ പിച്ചുകളിൽ ഇന്ത്യൻ യുവനിര തകർന്നപ്പോൾ സെലക്ടർമാർ ദ്രാവിഡിനെ വിളിച്ചുവരുത്തി. 2012ൽ ഇന്ത്യൻ ടീമിനെ അടുത്ത തലമുറയ്ക്ക് കൈമാറി അയാൾ വിരമിച്ചു. ഒന്നര പതിറ്റാണ്ടിനൊടുവിൽ ഒരു ലോകകിരീടവും ഇല്ലാതെ അയാൾ നീലകുപ്പായം അഴിച്ചുവെച്ചു.

ഉയരെ വന്മതിൽ; ഒരിക്കൽ തലതാഴ്ത്തിയ മണ്ണിൽ അയാൾ ത്രിവർണം ഉയർത്തി
രോ-കോ ഇനിയില്ല; ഇന്ത്യൻ ടീമിലെ കൂട്ടുകാർ വിടപറയുമ്പോൾ

ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനായി രണ്ടാം വരവ്. പൃഥി ഷാ, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഭാവിയുടെ താരങ്ങള്‍ എന്നറിയപ്പെട്ട ഒരു സമയമുണ്ടായിരുന്നു. കരിയറിലെ നിര്‍ണായക പ്രകടനത്തിന് ഇവരെല്ലാം നന്ദി പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്മതിലിനോടാണ്. പ്രതിരോധ ക്രിക്കറ്റ് താരം എന്ന വിമർശനങ്ങൾ നേരിട്ട ദ്രാവിഡ് ട്വന്റി 20യുടെ വെടിക്കെട്ട് മാത്രം അറിയാവുന്ന താരങ്ങളെ മികച്ച ബാറ്റർമാരാ‍ക്കി മാറ്റി. ദ്രാവിഡിൻ്റെ ശിക്ഷണത്തിന് കീഴിൽ നിന്ന് മാറിയപ്പോൾ പഠിച്ച പാഠങ്ങള്‍ പലരും മറന്നു.

2021ൽ ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലകനായി. രണ്ടര വര്‍ഷം പരിശീലന കാലയളവ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോറ്റു. ഏകദിന ലോകകപ്പ് ഫൈനലിലും തോൽവി. എങ്കിലും മോശം പ്രകടനം നടത്തിയ ചില താരങ്ങള്‍ ബാറ്റിംഗ് വിസ്‌ഫോടനം നടത്തിയത് ഇക്കാലയളവിലായിരുന്നു. അതില്‍ ഏറെ പ്രധാനം വിരാട് കോഹ്‌ലിയുടെ മടങ്ങിവരവായിരുന്നു. മൂന്ന് വര്‍ഷത്തെ സെഞ്ച്വറി ദാരിദ്രം അവസാനിച്ച് റൺമെഷീൻ വീണ്ടും സ്കോറിം​ഗ് തുടങ്ങി. എല്ലാത്തിനും ഒടുവിൽ കാലം ദ്രാവിഡിനായി കരുതിവെച്ച ദിവസമെത്തി. 17 വർഷം മുമ്പ് തലകുനിച്ച് മടങ്ങിയ മണ്ണ്. അവിടെ തന്നെ അയാളുടെ തന്ത്രങ്ങൾ‌ ത്രിവർണക്കൊടി പാറിച്ചു. ഇന്ത്യൻ ക്രിക്കറ്റിനൊപ്പം ദ്രാവിഡ് തല ഉയർത്തി മടങ്ങുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com