ബിഗ് സീറോ ടു ബിഗ് ഹീറോ; ദ പൃഥ്വിരാജ് ലൈഫ്

2002-ല്‍ തിയേറ്ററുകളില്‍ നിറ സദസ്സോടെ 100 ദിവസത്തിന് മുകളില്‍ പ്രദര്‍ശനം നടത്തിയ ഡിവോഷണല്‍ റൊമാന്റിക് ചിത്രം നന്ദനത്തിലെ ആ 19കാരനെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചുവെങ്കിലും ആ താരപ്പകിട്ട് നിലനിര്‍ത്താന്‍ പൃഥ്വിരാജിന് സാധിച്ചില്ല
ബിഗ് സീറോ ടു ബിഗ് ഹീറോ; ദ പൃഥ്വിരാജ് ലൈഫ്

ഒരു കഥാപാത്രത്തിന് വേണ്ടി അസാധാരണമാം വിധം ശാരീരികമാറ്റങ്ങള്‍ നടത്തി പ്രേക്ഷകരെ അതിശയിപ്പിച്ച താരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ നിരവധിയാണ്. ആ പട്ടികയിലേക്ക് മലയാളത്തില്‍ നിന്ന് ഒരു നടന്‍ കൂടി ഇടം പിടിക്കുന്നു. ഒരിക്കല്‍, ഇയാള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്നും സിനിമയില്‍ എവിടെയും എത്താന്‍ പോകുന്നില്ല എന്നും പ്രേക്ഷകര്‍ വിധിയെഴുതിയ നടന്‍, പൃഥ്വിരാജ് സുകുമാരന്‍.

അസാധ്യം എന്ന് തോന്നിക്കും വിധം അത്ഭുതകരമായ മാറ്റം ശരീരത്തില്‍ വരുത്തുക, അത് മാസങ്ങളോളം നിലനിര്‍ത്തുക എന്നതിനെ നിസാരമായി കാണാനാവില്ല. ഒരു കഥാപാത്രം ആവശ്യപ്പെടുന്ന രൂപത്തിലേക്ക് മാറാന്‍ വേണ്ടി, ഒരു മനുഷ്യന് വേണ്ട മിനിമം ശരീര ഭാരം പോലും സൂക്ഷിക്കാതെ, അങ്ങേയറ്റം മെലിഞ്ഞ്, ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം വെള്ളം മാത്രം കുടിച്ച് അപകടമാം വിധം തന്നെ പരുവപ്പെടുത്തിയെങ്കില്‍ പൃഥ്വിരാജ് എന്ന നടന് സിനിമയോടുള്ള പാഷന്‍ എന്താണെന്നത് വ്യക്തമാണ്.

2002-ല്‍ തിയേറ്ററുകളില്‍ നിറ സദസ്സോടെ 100 ദിവസത്തിന് മുകളില്‍ പ്രദര്‍ശനം നടത്തിയ ഡിവോഷണല്‍ റൊമാന്റിക് ചിത്രം നന്ദനത്തിലെ ആ 19കാരനെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചുവെങ്കിലും ആ താരപ്പകിട്ട് നിലനിര്‍ത്താന്‍ പൃഥ്വിരാജിന് സാധിച്ചില്ല. താരപുത്രനായല്ല, പൃഥ്വിരാജായി തന്നെ സിനിമയില്‍ സ്ഥാനമുറപ്പിക്കാന്‍ തന്നെയായിരുന്നു അദ്ദേഹം ശ്രമിച്ചത്. അതിന്റെ പേരില്‍ അഹങ്കാരി എന്നും ജാഡയെന്നുമുള്ള വിളിപ്പേരുകളും അധിക്ഷേപങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നു. ഇയാളൊന്നും എവിടെയുമെത്താന്‍ പോകുന്നില്ല, നാലോ അഞ്ചോ സിനിമകളും ചെയ്ത് ഫീല്‍ഡ് ഔട്ട് ആകാന്‍ പോകുന്ന ദ ബിഗ് സീറോ എന്ന് മുദ്ര കുത്തപ്പെട്ടിട്ടും പൃഥ്വിരാജ് സിനിമകളില്‍ അഭിനയിക്കാതിരുന്നില്ല...

വെള്ളിത്തിരയിലെ സ്റ്റൈല്‍ രാജയായും സ്വപ്‌നക്കൂടിലെ കുഞ്ഞൂഞ്ഞായും അനന്തഭദ്രത്തിലെ അനന്തനായും ക്ലാസ്മേറ്റ്സിലെ സുകുവായുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടി. ഇതിനിടയില്‍ നിരവധി സിനിമകളില്‍ പരാജയവും നേരിടേണ്ടി വന്നു. 2009-ല്‍ പുറത്തിറങ്ങിയ പുതിയ മുഖം എന്ന സിനിമയ്ക്ക് ശേഷം വന്ന ചിത്രങ്ങളിലൂടെ സഹനായക സ്ഥാനത്ത് നിന്ന് ഒരു ഹീറോ പരിവേഷത്തിലേക്ക് കടന്നു. ഹീറോയിസത്തിന് പ്രാധാന്യമുണ്ടായിരുന്ന അന്‍വര്‍, ഉറുമി, സിറ്റി ഓഫ് ഗോഡ് പോലുള്ള സിനിമകള്‍ക്ക് ശേഷം, അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ്, മുംബൈ പോലീസ്, മെമറീസ് തുടങ്ങി ആഴമുള്ള കഥപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളും പൃഥ്വിരാജിന്റേതായി വന്നു. അപ്പോഴും ഒരു വര്‍ഷം പൃഥ്വിരാജ് നായകനായെത്തിക്കൊണ്ടിരുന്ന അഞ്ചോ ആറോ സിനിമകളില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് വിജയം കണ്ടത്.

2015-ന് ശേഷം വളരെ സെലക്ടീവായ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയ പൃഥ്വിയുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധ നേടി. അഭിനയത്തില്‍ പൃഥ്വിരാജ് കൊണ്ടുവന്ന വൈവിധ്യങ്ങള്‍, ഒരു കഥാപാത്രത്തിനായി എടുക്കുന്ന ഹോം വര്‍ക്കുകള്‍ എല്ലാം ആ സിനിമകളുടെ ശക്തികൂട്ടി.

പിക്കറ്റ് 43, ഡബിള്‍ ബാരല്‍, എന്ന് നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, ഡാര്‍വിന്റെ പരിണാമം, ജെയിംസ് ആന്‍ഡ് ആലീസ് തുടങ്ങിയ സിനിമകള്‍ വന്നു. 2017 ന് ശേഷം പൃഥ്വിരാജ് പിന്നെയും കളം മാറ്റി, കുറേക്കൂടി ആഴമേറിയ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. ടിയാന്‍, ആദം ജോണ്‍, കൂടെ, രണം, അയ്യപ്പനും കോശിയും, കുരുതി, ജന ഗണ മന അങ്ങനെ നീളുന്നു ആ പട്ടിക...

മലയാളത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല തന്റെ സിനിമാ സ്വപ്നം എന്ന് പൃഥ്വി എന്നേ ഉറപ്പിച്ചിരിന്നു. തെന്നിന്ത്യന്‍ ഭാഷകള്‍ കൂടാതെ ബോളിവുഡിലും മുന്‍നിര നായകന്മാര്‍ക്കൊപ്പം പൃഥ്വി സാന്നിധ്യം അറിയിച്ചു. പൃഥ്വിരാജ് എന്ന മോളിവുഡ് നടന്‍ പാന്‍ ഇന്ത്യന്‍ നടനായതിനൊപ്പം മലയാള സിനിമയും പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് വളര്‍ന്നു. പാന്‍ ഇന്ത്യന്‍ തലത്തിലുള്ള തന്റെ സാന്നിധ്യത്തെ മോളിവുഡ് സിനിമകള്‍ക്കുള്ള ഒരു ബലം കൂടിയാക്കി മാറ്റാന്‍ പൃഥ്വി ശ്രമിച്ചു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ക്കൊപ്പമുള്ള സംഭാഷണങ്ങളില്‍ താന്‍ വളര്‍ന്ന മലയാളം ഇന്‍ഡസ്ട്രിയെ കുറിച്ച് പറയാന്‍ പൃഥ്വിരാജ് മറന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ സെറ്റില്‍ വെച്ച്, ഒരു ഷോട്ടിനെ കുറിച്ച് സംശയം ചോദിച്ചപ്പോള്‍, അണിയറ പ്രവര്‍ത്തകര്‍ പരിഹസിച്ചു വിട്ടതിനുള്ള മധുര പ്രതികാരമായി നടന്‍ എന്ന കുപ്പായം താല്‍ക്കാലികമായി ഊരിവെച്ച് ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ സംവിധാനം ചെയ്ത് പൃഥ്വിരാജ് കാലത്തിന് കൂടി മറുപടി കൊടുത്തു... ലൂസിഫര്‍ എന്ന സിനിമ സംഭവിക്കുന്നത് അങ്ങനെയാണ്.

ലൂസിഫറിന് ശേഷം, ബ്രോ ഡാഡി, ഇപ്പോഴിതാ എംപുരാന്‍.... മൂന്നാമത്തെ സിനിമയ്ക്കും സംവിധായകനാകുമ്പോള്‍ ഒരു നടന്‍ എന്നതിനപ്പുറം സിനിമയുടെ മുന്നിലും പിന്നിലും ഒരേവിധം ഇടപെടാന്‍ സാധിക്കുന്ന കലാകാരനായി പൃഥ്വി തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു...

നായകനായും സംവിധായകനായും മാത്രമല്ല, താന്‍ ഒരു കംപ്ലീറ്റ് ഫിലിം മേക്കര്‍ എന്ന് പൃഥ്വി സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയിലൂടെ മറ്റ് സിനിമകളെയും പ്രൊമോട്ട് ചെയ്തുകൊണ്ട് കാണിച്ചു തന്നു. അന്യഭാഷാ ചിത്രങ്ങളെ മലയാളികളില്‍ എത്തിക്കുന്നതിനോടൊപ്പം മലയാള സിനിമയെ എല്ലാ ഫിലിം ഇന്‍ഡസ്ട്രിയിലേക്കും എത്തിക്കാന്‍ കൂടി ശ്രമിക്കുകയാണ് പൃഥ്വിരാജ്.

'എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നത് തന്നെ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു' എന്നായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മലയാള സിനിമയ്ക്ക് സംഭeവാന ചെയ്തുകൊണ്ട് താരം പറഞ്ഞത്. 2022-ല്‍ കന്നടയില്‍ കാന്താര എന്ന ഒരു ചിത്രം ഒരുങ്ങുന്നു. റിലീസിന് മുമ്പ് സിനിമ കണ്ട പൃഥ്വിരാജ്, തീര്‍ച്ചയായും ഇത് മലയാളികള്‍ കൂടി കണ്ടിരിക്കേണ്ട സിനിമ എന്ന് തീരുമാനിക്കുന്നു... എന്നാല്‍ കന്നട ഭാഷയിലുള്ള ചിത്രം എങ്ങനെ മലയാളികള്‍ക്കും ആസ്വദിക്കാന്‍ കഴിയും എന്ന ആശങ്ക തൊട്ടടുത്ത ദിവസം തന്നെ പൃഥ്വിരാജ് തീര്‍ത്തു. കാന്താരയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പുറത്തിറക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത...

മലയാളികള്‍ അങ്ങേയറ്റം വൈകാരികമായി വായിച്ചുതീര്‍ത്ത, ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രപത്തെ പൃഥ്വിരാജ് എങ്ങനെ അവതരിപ്പിക്കാന്‍ പോകുന്നു എന്നതിലാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. ട്രെയ്ലറും മറ്റ് ഗ്ലിംപ്‌സസ് വീഡിയോയും പോസ്റ്ററുകളും കണ്ട് ഇതിനകം ഞട്ടിയിരfക്കുകയാണ് മലയാളികള്‍...

കേവലം ഒരു നടന്‍ എന്ന നിലയില്‍ മാത്രം കരിയര്‍ ആരംഭിച്ച പൃഥ്വിരാജ് ഇന്ന് അഭിനയത്തിലും സംവിധാനത്തിലും പ്രൊഡക്ഷനിലും ഡിസ്ട്രിബ്യൂഷനിലുമെല്ലാം ഒരു ബ്രാന്‍ഡാണ്. മലയാള സിനിമയെ ലോകത്തിന് മുന്നില്‍ ഉയരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പൃഥ്വിരാജ് എന്ന സിനിമാക്കാരന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ശ്രമമാണ് ആടുജീവിതത്തിലെ നജീബ്. മലയാളത്തില്‍ നിന്നുള്ള ഒരു ഇന്റര്‍നാഷണല്‍ സിനിമയായി ആടുജീവിതം മാറുമ്പോള്‍, പൃഥ്വിരാജ് എങ്ങിനെ നജീബായി അവതരിക്കുന്നു എന്നതിലുള്ള ആകാംക്ഷയാണ് ഇനി....

Related Stories

No stories found.
logo
Reporter Live
www.reporterlive.com