ഏഴ് സിനിമകൾ, 16 വ‍ർഷത്തെ ഇടവേള; ബ്ലെസ്സിയുടെ 'സിനിമാ ഭ്രാന്തുകൾ'

ഒരു മനുഷ്യായുസ്സിലെ നീണ്ട കാലം ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ശ്വസിച്ച് സിനിമയെ പ്രാണനാക്കിയ ബ്ലെസി
ഏഴ് സിനിമകൾ, 16 വ‍ർഷത്തെ ഇടവേള; ബ്ലെസ്സിയുടെ 'സിനിമാ ഭ്രാന്തുകൾ'

ബോയ്ഹുഡ് എന്ന സിനിമയ്ക്ക് വേണ്ടി ഹോളിവുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ലിങ്ക് ലേറ്ററും, അവതാര്‍ 2 നായി ജെയിംസ് കാമറൂണും 12 വര്‍ഷത്തോളം ചെലവഴിച്ചത് അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളായിരുന്നു. ഒരൊറ്റ സിനിമയ്ക്ക് വേണ്ടി ഒരു വ്യാഴവട്ടക്കാലം ചെലവഴിച്ച ഈ സംവിധായകരുടെ, സിനിമയോടുള്ള പാഷന്റെ ആഴം, ലോകം തിരിച്ചറിഞ്ഞു. ജീവിതത്തിലെ വലിയ ഒരു കാലം തന്നെ, ഒരൊറ്റ സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ച ഒരു മലയാള സംവിധായകനും ഇന്നിപ്പോള്‍ ലോക സിനിമയില്‍, തന്നെ അടയാളപ്പെടുത്തുകയാണ്. നീണ്ട 16 വര്‍ഷക്കാലം, ആടുജീവിതം എന്ന തന്റെ സ്വപ്ന സിനിമയ്ക്കായി ചെലവഴിച്ച ബ്ലെസി.

പദ്മരാജന്‍, ഭരതന്‍, ലോഹിതദാസ്, ജയരാജ്, ഐവി ശശി തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായാണ് ബ്ലെസി സിനിമയിലേക്കെത്തുന്നത്. 2004 ല്‍ കാഴ്ച എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം. പിന്നീട് 2005 ല്‍ തന്മാത്ര, 2006 ല്‍ പളുങ്ക്, 2008 ല്‍ കല്‍ക്കട്ട ന്യൂസ്, 2009 ല്‍ ഭ്രമരം, 2011 ല്‍ പ്രണയം, 2013 ല്‍ കളിമണ്ണ് എന്നീ സിനിമകള്‍ ചെയ്തു. കളിമണ്ണ് പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ആടുജീവിതം റിലീസ് ചെയ്യുകയാണ്... ഒരു പതിറ്റാണ്ടിലേറെ കാലം സിനിമകള്‍ ഒന്നും ചെയ്യാതിരുന്നിട്ടും മലയാള സിനിമാപ്രേമികള്‍ അദ്ദേഹത്തെ മറന്നില്ല... പകരം ബ്ലെസിയുടെ അടുത്ത സിനിമയ്ക്കായി കേരളം കാത്തിരുന്നു. എന്തുകൊണ്ടാകാം മലയാളികള്‍ക്കിടയില്‍ ബ്ലെസ്സിക്ക് ഈ സ്വീകാര്യത ലഭിക്കുന്നത്?

അതിനുത്തരം അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെയാണ്. ആഴമേറിയ കഥാപാത്രങ്ങളിലൂടെ, കഥാപശ്ചാത്തലങ്ങളിലൂടെ വൈകാരികമായി പിടിച്ചുലയ്ക്കുന്ന യാത്രയാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും. ആ യാത്രകളും അതിലെ കഥാപാത്രങ്ങളും എന്നും നമ്മള്‍ ഓര്‍ത്തിരിക്കുന്നവയാണ്.

ജീവിതത്തിന്റെ ഉല്ലാസങ്ങളിലൂടെയല്ല, പകരം കയ്‌പേയറിയ സന്ദര്‍ങ്ങളിലൂടെയാണ് ബ്ലെസിയുടെ സിനിമാ സഞ്ചാരം... അതുകൊണ്ടാകാം 'രണ്ടാമത് കാണാന്‍ കഴിയാത്ത വിധം പിടിച്ചുലച്ച സിനിമ' എന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ വിശേഷിപ്പിക്കപ്പെടുന്നതും.

കാഴ്ച എന്ന സിനിമ തന്നെയെടുക്കാം, കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റര്‍ മാധവന്റെ ജീവിതത്തിലേക്ക് ഒരുദിവസം ഒരു ബാലന്‍ കടന്നു വരികയാണ്. ഗുജറാത്ത് ഭൂകമ്പത്തെത്തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ട് സ്വന്തം നാട്ടില്‍ നിന്ന് എങ്ങനെയോ കുട്ടനാട്ടില്‍ എത്തിപ്പെടുന്ന പവന്‍ എന്ന ബാലന്‍. ആരോരുമില്ലാത്ത ആ കുഞ്ഞിനെ മാധവന്‍ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയാണ്. അയാള്‍ അവനെ തന്റെ മകനായി സ്വീകരിക്കുന്നു. മാധവന്റെ മകള്‍ക്ക് അവന്‍ കൊച്ചുണ്ടാപ്രി എന്ന് വിളിക്കുന്ന സഹോദരനാകുന്നു. പവന്‍ ആ കുടുംബത്തിലൊരംഗമാകുമ്പോള്‍ നിയമവ്യവസ്ഥ അവിടെ വില്ലനായി വരികയാണ്. ആ കുടുംബത്തില്‍ നിന്ന് പവന് വേര്‍പിരിയേണ്ടി വരുന്നു.

സിനിമയുടെ അവസാന ഭാഗങ്ങളില്‍ പവനുമായി മാധവന്‍ ഗുജറാത്തിലേക്ക് എത്തുന്ന രംഗങ്ങളിലൂടെ ബ്ലെസി വരച്ചുകാട്ടുന്നത്, ഭൂകമ്പത്താല്‍ തകര്‍ന്നുപോയ ഒരു ഭൂമികയിലെ മനുഷ്യരുടെ ജീവിതം ഛിന്നഭിന്നമായിപ്പോയതിന്‍റെ തീവ്രതയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായാണ് ഫിലിം ഓപ്പറേറ്റര്‍ മാധവനെ കണക്കാക്കുന്നത്.

'സാറേ, ഇനിയിപ്പോ അവനെ അന്വേഷിച്ച് ആരും വന്നില്ലെങ്കില്‍ ഒരു അനാഥനായിട്ടില്ല, സ്വന്തം മകനായിട്ടു ഞാന്‍ വളര്‍ത്തിക്കോളാം' എന്ന് വരെ പൊലീസുകാരനോട് മാധവന്‍ നിസ്സഹായനായി പറയുമ്പോള്‍ കാണുന്ന പ്രേക്ഷകരുടെ കണ്ണ് നിറയും, ആ കുഞ്ഞിനെ മാധവന് തിരികെ ലഭിച്ചിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ച് പോകും. എന്നാല്‍ മാധവന്‍ നല്‍കുന്ന തന്റെ അഡ്രെസ്സ് എഴുതിയ പേപ്പര്‍ ദുരിതാശ്വാസ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ വേസ്റ്റ് ബിന്നില്‍ ചുരുട്ടി ഇടുമ്പോള്‍ ആ ആഗ്രഹം ഒരു നിരാശയായി, വേദനയായി പ്രേക്ഷകനിലേക്ക് പടരുകയാണ്.

പദ്മരാജന്റെ ഓര്‍മ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ബ്ലെസി തന്മാത്ര എന്ന ചിത്രമൊരുക്കിയത്. അവിടെ ഒരു മധ്യവര്‍ഗ്ഗ മലയാളിയായ രമേശന്‍ നായരാണ് പ്രധാന കഥാപാത്രം. ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന, മകനെ ഐഎഎസ്സുകാരനാക്കണം എന്ന് ആഗ്രഹിക്കുന്ന രമേശന്‍ നായര്‍. അയാളുടെ ജീവിതത്തില്‍ വില്ലനായി വരുന്നത് അല്‍ഷിമേഴ്‌സ് രോഗമാണ്. അയാളുടെ രോഗാവസ്ഥ അതിന്റെ തീവ്രതയിലേക്ക് എത്തുന്ന രംഗങ്ങളെ അതിഗംഭീരമായാണ് ബ്ലെസി ചിത്രീകരിച്ചത്. കിടപ്പുമുറിയില്‍ ഭാര്യയ്ക്കൊപ്പം ഇന്റിമേറ്റാകുന്ന നിമിഷത്തില്‍ രമേശന്‍ ഭിത്തിയില്‍ ഒരു പല്ലിയെ കാണുന്നു. ആ നിമിഷത്തില്‍ അയാള്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ആ പല്ലിയെ ഭിത്തിയില്‍ നിന്ന് ഓടിക്കാന്‍ പോകുന്നു. മറ്റെല്ലാം മറന്നുകൊണ്ട് അയാള്‍ ആ പല്ലിക്ക് പിന്നാലെ പോകുന്നതിനേക്കാള്‍ ഭീകരമായി മറവിരോഗത്തിന്റെ തീവ്രതയെ എങ്ങനെ കാണിക്കാന്‍ സാധിക്കും?

പിന്നീടങ്ങോട്ട് അയാള്‍ മറവിയുടെ പിടിയിലേക്ക് പൂര്‍ണ്ണമായി വീഴുകയാണ്. മറവിരോഗത്തിന്റെ ആഴവും ഭീതിയും അത്രയേറേ ഗൗരവത്തോടെ ആവിഷ്‌ക്കരിക്കപ്പെട്ട സിനിമ വേറെയുണ്ടോ എന്നത് സംശയമാണ്. മകനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയും ആത്മമിത്രത്തിന്റെ മരണവുമെല്ലാം തിരിച്ചറിയാനാവാത്ത രമേശന്‍ നായരുടെ അവസ്ഥ ഭീകരമാണ്. 'ലോകം മുഴുവന്‍ വെളിച്ചം നല്‍കുന്ന സൂര്യതേജസ്സിന് പോലും ഒരു പകല്‍ മാത്രമാണ് ആയുസ്സ്' എന്ന് പറഞ്ഞുകൊണ്ട് അയാളുടെ കഥ അവസാനിക്കുമ്പോള്‍ അത് രണ്ടാമതൊന്ന് കാണുവാനുള്ള മാനസികാവസ്ഥ ആര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല.

വിരലുകള്‍ പോലും അഭിനയിക്കുന്ന നടന്‍ എന്നാണല്ലോ മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ വിരലുകള്‍ കൊണ്ട് പോലുമുള്ള അത്യുഗ്രന്‍ പ്രകടനം കണ്ട ചിത്രമായിരുന്നു ഭ്രമരം. ഉണ്ണിയുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ ഒരു ദിവസം ഏറെ നിഗൂഡതകളുമായി ഇടിച്ചുകയറി വരുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ ശിവന്‍കുട്ടി. കഥ പുരോഗമിക്കവേ അയാളുടെ മാനസിക പിരിമുറുക്കങ്ങള്‍ പ്രേക്ഷകരിലേക്കുമെത്തുന്നു. ഏതു ദിശയിലേക്കാണ് തിരിയുന്നത് എന്ന് പ്രെഡിക്റ്റ് ചെയ്യാന്‍ കഴിയാത്ത സിനിമ ഒരല്‍പം ശ്വാസം മുട്ടലോടെ മാത്രമേ കണ്ടു തീര്‍ക്കാന്‍ കഴിയൂ. സിനിമ അവസാനിക്കുമ്പോള്‍ ആ നിഗൂഢതകള്‍ എല്ലാം എരിഞ്ഞു തീര്‍ന്ന് പ്രേക്ഷകരെ വേദനയുടെ അഗ്‌നിയിലേക്ക് എത്തിക്കുന്നു. ക്ലൈമാക്‌സില്‍ ഫ്രെയിമിലേക്ക് കടന്നുവരുന്ന വണ്ടിന്റെ മൂളലോടെ, ആ അസ്വസ്ഥതയോടെയാണ് പ്രേക്ഷകരും പിരിയുന്നത്.

പട്ടണങ്ങളിലേക്ക് എത്തുന്ന നാട്ടിന്‍പുറത്തുകാരുടെ ജീവിതം പറഞ്ഞ പളുങ്ക്, ഹ്യൂമന്‍ ട്രാഫിക്കിങ്ങിനെക്കുറിച്ച് സംസാരിച്ച കല്‍ക്കട്ട ന്യൂസ്, ആദ്യപ്രണയത്തിന്റെ മധുരവും മധ്യവയസ്സയിലെ പ്രണയത്തിന്റെ സൗന്ദര്യവും പകര്‍ന്ന പ്രണയം, ഇതെല്ലാമാണ് ബ്ലെസിയുടെ മറ്റ് സിനിമകള്‍. ചെറുപ്പത്തില്‍ തന്നെ നഷ്ടമായ തന്റെ അമ്മയ്ക്കുള്ള സമര്‍പ്പണമായാണ് അദ്ദേഹം കളിമണ്ണ് ഒരുക്കിയത്... ആ ചിത്രത്തിന് ശേഷം പിന്നീട് ഇതുവരെ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത് 48 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമെന്ററി മാത്രമാണ്. ഈ കാലയളവിലെല്ലാം അദ്ദേഹം തന്റെ സ്വപ്ന സിനിമയുടെ പിന്നാലെയായിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ സിനിമയാകുമ്പോള്‍ അണിയറയില്‍ നിന്ന് തിരശീലയ്ക്കു മുന്നിലെത്താന്‍ പോകുന്നത് ബ്ലെസ്സിയുടെ പോരാട്ടങ്ങളുടെ കഥകൂടിയാണ്.

ഏഴ് സിനിമകൾ, 16 വ‍ർഷത്തെ ഇടവേള; ബ്ലെസ്സിയുടെ 'സിനിമാ ഭ്രാന്തുകൾ'
ബിഗ് സീറോ ടു ബിഗ് ഹീറോ; ദ പൃഥിരാജ് ലൈഫ്

2008 ലാണ് ബ്ലെസി ആടുജീവിതം സിനിമയാക്കുന്നതിനുള്ള ആലോചനകള്‍ തുടങ്ങുന്നത്. 2010 ല്‍ നോവല്‍ സിനിമയാകുന്നു എന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍ ഒരു മലയാള സിനിമയ്ക്ക് ലാഭമുണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ ബജറ്റ് ആണ് എന്നതുകൊണ്ട് ആടുജീവിതത്തിന്റെ ചിത്രീകരണം നീണ്ടു. ചില വിട്ടുവീഴ്ചകളോടെ ചിത്രം ചെയ്യാന്‍ കഴിയുമായിരുന്നുവെങ്കിലും തന്റെ വിഷന്‍ അതിന്റെ പൂര്‍ണ്ണതയിലെത്താന്‍ അദ്ദേഹം വര്‍ഷങ്ങളോളം കാത്തിരുന്നു... എല്ലാ ലൈംലൈറ്റുകളെയും ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു വലിയ കാത്തിരിപ്പ്.

പിന്നീട് 2016 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള പദ്ധതികള്‍ നടക്കുന്നു. സിനിമയ്ക്ക് ആവശ്യമായ ലൊക്കേഷനുകള്‍ ഉള്‍പ്പടെയുള്ള തടസ്സങ്ങള്‍ കാരണം അത് വീണ്ടും നീണ്ടു. ഒടുവില്‍ 2018 ല്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചു. കേരളത്തിലെ ആദ്യ ഷെഡ്യൂളിന് ശേഷം 2019 ല്‍ ജോര്‍ദാനില്‍ രണ്ടാം ഷെഡ്യൂളിന് തുടക്കമായി. എന്നാല്‍ 2020 ഏപ്രിലില്‍ നടക്കേണ്ട മൂന്നാം ഷെഡ്യൂളിന് മുന്നോടിയായി കൊവിഡ് മൂലം ലോകം ഒരു ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകളെല്ലാം റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ ആ സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ട ചിത്രീകരണം ആരംഭിച്ചു. ജോര്‍ദ്ദാനിലെ കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് ഷൂട്ട് പുനരാരംഭിച്ചു. അങ്ങനെ തുടര്‍ച്ചയായി വന്ന തടസങ്ങള്‍ക്കെല്ലാം ഒടുവില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 2022 ജൂലൈ 14- ന് ആടുജീവിതം പാക്ക് അപ്പ്.

ഇനി നജീബിന്റെ അതിജീവനം വായിച്ചറിഞ്ഞവര്‍ക്ക് അയാളെ സ്‌ക്രീനില്‍ കാണാനുള്ള സമയമാണ്. മലയാളികള്‍ പിരിമുറുക്കത്തോടെ വായിച്ചുതീര്‍ത്ത ആ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ അത് മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പാണ്. നജീബിനെ അക്ഷരങ്ങളിലൂടെ വായിച്ചറിഞ്ഞ, അയാള്‍ അതിജീവിക്കണേ എന്ന് ഒരു നിമിഷമെങ്കിലും പ്രാര്‍ത്ഥിച്ച മലയാളികളെ ബ്ലെസി നിരാശാരാക്കില്ല എന്ന് ഉറപ്പാണ്. കാരണം ഇത് ബ്ലെസിയുടെ പടമാണ്, ഒരു മനുഷ്യായുസ്സിലെ നീണ്ട കാലം ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ശ്വസിച്ച് സിനിമയെ പ്രാണനാക്കിയ ബ്ലെസിയുടെ പടം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com