Top

'കോണ്‍ഗ്രസിന് പിന്നില്‍ ഇടത് പക്ഷം അണി നിരക്കണം'; സിപിഐഎം രാഹുല്‍ ഗാന്ധിക്ക് ശക്തി പകരണമെന്ന് കുഞ്ഞാലിക്കുട്ടി

"സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടാകാന്‍ പാടില്ലായിരുന്നു."

27 Sep 2022 10:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസിന് പിന്നില്‍ ഇടത് പക്ഷം അണി നിരക്കണം; സിപിഐഎം രാഹുല്‍ ഗാന്ധിക്ക് ശക്തി പകരണമെന്ന് കുഞ്ഞാലിക്കുട്ടി
X

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ മതേതര ചേരികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയായെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു. കോണ്‍ഗ്രസിന് പിന്നില്‍ ഇടത് പക്ഷമടക്കം അണി നിരക്കണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുമായി ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പെരിന്തല്‍മണ്ണയിലെ ബാനര്‍ വിഷയത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇടക്കിടെ ബിജെപി വിരുദ്ധ രാഷ്ട്രീയം പറയുന്ന സിപിഐഎം രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തല്‍മണ്ണയില്‍ സിപിഐഎം ബാനര്‍ കെട്ടിയത് വാര്‍ത്തയായിരുന്നു. സിപിഐഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. 'പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റ്' എന്നാണ് ബാനറിലുള്ളത്. ബാനര്‍ സ്ഥാപിച്ച കെട്ടിടത്തിന് മുന്നിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാനറിന് മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തി. ബാനറിന്റെ ചിത്രം പങ്കുവെച്ച വി ടി ബല്‍റാം, 'കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസുമായി ജനങ്ങള്‍' എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. മലപ്പുറം ജില്ലയിലാണ് ഇന്ന് ഭാരത് ജോഡോ യാത്രയുടെ പര്യടനം. രാവിലെ പുലാമന്തോള്‍ ജംഗ്ഷനില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് ഏഴിന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്‌കൂളിലാണ് രാത്രി വിശ്രമം.

STORY HIGHLIGHTS: cpim should team up with congress and rahul gandhi says PK Kunhalikutty

Next Story