നീതിയിലൂടെ ലോകത്തെ തന്നെ മോട്ടിവേറ്റ് ചെയ്ത കോഴിക്കോട്ടെ കച്ചവടക്കാര്‍ക്ക് മോട്ടിവേഷന്‍ ക്ലാസോ?

കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സ് വേണമെന്നു തോന്നിയവര്‍ ആരാണാവോ, അതും തെറിക്ക് മിനുട്ട് വെച്ച് ചാര്‍ജ് ചെയ്യുന്ന ഒരാളെ വെച്ച്?
നീതിയിലൂടെ ലോകത്തെ തന്നെ മോട്ടിവേറ്റ് ചെയ്ത കോഴിക്കോട്ടെ കച്ചവടക്കാര്‍ക്ക് മോട്ടിവേഷന്‍ ക്ലാസോ?

ലോകത്തെ മുഴുവന്‍ മോട്ടിവേറ്റ് ചെയ്ത കോഴിക്കോട്ടെ വ്യാപാരികള്‍!

ഇത് ചരിത്രമാണ്. കോഴിക്കോട്ടെ വ്യാപാരികള്‍ ലോകത്തെ വ്യാപാരങ്ങളെയും കച്ചവട തന്ത്രങ്ങളെയും നിര്‍ണ്ണയിച്ച ഒരു കാലമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ അത് തുടര്‍ന്നുകൊണ്ടേയിരുന്നു.

പതിനാലാം നൂറ്റാണ്ടില്‍ ആഫ്രിക്കയില്‍ നിന്നും കടല്‍ വഴി കോഴിക്കോടെത്തിയ ഇബ്ന്‍ ബത്തൂത്തയാണ് കോഴിക്കോട്ടെ കച്ചവടക്കാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളം ബഹുമാനിക്കപ്പെട്ടവരായി കരുതപ്പെട്ടതിന്റെ കഥ ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ മലബാറിലെ പല തുറമുഖങ്ങളിലും, പ്രത്യേകിച്ച് കോഴിക്കോട്, വന്നു കച്ചവടം നടത്തുന്നതിന്റെ നല്ല ഒരു ചിത്രം തരുന്നുണ്ട് അദ്ദേഹം.

യമനില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും, ചൈനയില്‍ നിന്നും വരുന്ന കച്ചവടക്കാരെ കോഴിക്കോട് എങ്ങിനെയാണ് സ്വീകരിച്ചതെന്ന് നമുക്ക് കാണാന്‍ കഴിയും, ബത്തൂത്തയുടെ വിവരണത്തില്‍. വിദേശത്തു നിന്നുവരുന്ന പല കപ്പലുകളിലെയും ചരക്കുകള്‍ മുഴുവനായും വാങ്ങാന്‍ ശേഷിയുള്ള അതിസമ്പന്നരായ കച്ചവടക്കാര്‍ കോഴിക്കോട് തെരുവില്‍ പതിനാലാം നൂറ്റാണ്ടില്‍ തന്നെയുണ്ടായിരുന്നത്രെ. ആയിരത്തിലധികം പേരെ വഹിച്ചു വരുന്ന ചൈനീസ് കപ്പലുകളും ബത്തൂത്ത പറയുന്ന കപ്പലുകളില്‍പെടുന്നതാണ്.

ബത്തൂത്തക്കു ശേഷം കോഴിക്കോടിനെ പറ്റി വിശാലമായി എഴുതുന്നത് അബ്ദുര്‍റസാക്ക് എന്ന നയതന്ത്ര-യാത്രികനാണ്. തിമൂറിഡ് രാജാവായ ഷാരൂഖിന്റെ അംബാസഡറായിട്ടാണ് അദ്ദേഹം പതിഞ്ചാം നൂറ്റാണ്ടില്‍ കോഴിക്കോടെത്തുന്നത്. അബിസ്സീനിയയില്‍ നിന്നും സാന്‌സിബാറില്‍ നിന്നും ഹിജാസില്‍ നിന്നും കോഴിക്കോട് കച്ചവടത്തിന് വരുന്ന വ്യാപാരികളെ പറ്റി അദ്ദേഹം പറയുന്നു.

എന്താണ് കോഴിക്കോട് നഗരത്തിന്റെ പ്രത്യേകത?

അവിടെയുള്ള തുറമുഖത്തില്‍ 'നീതിയും സംരക്ഷണയും' പുലരുന്നു എന്നാണ് അദ്ദേഹം കണ്ടെത്തുന്നത്. ആരെയും പേടിക്കാതെ എത്ര ചരക്കുകളും അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ലോകമെമ്പാടുമുള്ള വ്യാപാരികള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് പറയുന്നത് ഒരു വിദേശ സഞ്ചാരിയാണ് എന്ന് ഓര്‍ക്കണം.

കച്ചവടം ചെയ്യപ്പെട്ട മുതലുകള്‍ക്ക് മാത്രം കരം കൊടുക്കേണ്ടുന്ന, കച്ചവടമാവാത്തവയ്ക്ക് നികുതി കൊടുക്കേണ്ടാത്ത, ലോകത്തെ വേറെയൊരു തുറമുഖത്തും കാണാത്ത ഒരു നൈതികത കോഴിക്കോട്ടെ രാജാവ് സാമൂതിരി രാജാവ് കാണിച്ചുവെന്ന് അദ്ദേഹം പറയുന്നു. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കച്ചവടത്തിന് വരുന്ന വിദേശ വ്യാപാരികളെപ്പറ്റിയും അബ്ദുറസാഖ് പറയുന്നു. വ്യാപാരികളെയും ചരക്കുകളെയും നിറച്ചു കോഴിക്കോട് നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്ന വ്യാപാരികളെ കുറിച് അദ്ദേഹം വാചാലനാകുന്നുണ്ട്.

അദ്ദേഹത്തിന്റെ പരിചയപ്പെടുത്തലില്‍, 'വിശ്വാസം', 'സുരക്ഷിതത്വം,' 'നീതി' എന്നീ ഗുണങ്ങളുടെ പേരില്‍ ലോകത്തു മുഴുവന്‍ അറിയപ്പെട്ട ഒരു കച്ചവട നഗരിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

പിന്നെ, അവരെപ്പറ്റി അദ്ദേഹം വളരെ പ്രത്യേകമായി പറയുന്ന കാര്യമാണ് അവര്‍ 'സാഹസികരായ നാവികാരാണ്' എന്ന കാര്യം. വ്യാപാരികളെ പറ്റി തന്നെയാണ് അതും പറയുന്നത്. എത്ര റിസ്‌ക്കെടുത്തും കച്ചവട യാത്രകള്‍ നടത്താന്‍ തയ്യാറായവര്‍. കോഴിക്കോടിന്റെ വ്യാപാരത്തിലെ നന്മയെപ്പറ്റിയും നഗരത്തിലെ ചരക്കുകകളിലെ വൈവിധ്യത്തെപ്പറ്റിയും അദ്ദേഹം പറയുന്നു.

കുരുമുളകും, ഇഞ്ചിയും, നിറക്കൂട്ടുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചെടികളും ഏലക്കായും തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാന്‍, വളരെ വിലക്കുറവില്‍ ലഭ്യമായ സുഗന്ധ ദ്രവ്യങ്ങളെക്കുറിച്ച് റഷ്യന്‍ യാത്രികനായ നികിതിനും വിശദീകരിക്കുന്നുണ്ട്, പതിനഞ്ചാം നൂറ്റാണ്ടില്‍ തന്നെ.

ബത്തൂത്തയുടെയും റസാക്കിന്റെയും നികിതിന്റെയും കൂടെ, ഇറ്റലിയില്‍ നിന്ന് ഇതേ നൂറ്റാണ്ടില്‍ കോഴിക്കോട് എത്തിയ സാന്റോ സ്റ്റെഫാനോയുടെ യാത്രാവിവരണവുമെടുത്തു നോക്കിയാല്‍, നീതിപരമായും ന്യായം പുലര്‍ത്തിയും കച്ചവടം ചെയ്യുന്ന നൂറുകകണക്കിനു വ്യാപാരികളെ, എല്ലാ മതവിഭാഗങ്ങളിലുള്ളവര്‍, കോഴിക്കോടിന്റെ തുറമുഖത്ത് ഉടനീളം കാണുമായിരുന്നു എന്ന് മനസിലാക്കാം.

ഇനി പതിനാറാം നൂറ്റാണ്ടു നോക്കുകയാണെങ്കില്‍, കോഴിക്കോട്ടെ അതിസമ്പന്നരായ വ്യാപാരികളെക്കുറിച്ച് പോര്‍ച്ചുഗീസ് യാത്രികനായ ബാര്‍ബോസ വളരെ വിശാലമായി വിശദീകരിക്കുന്നുണ്ട്. ഇവിടെ കച്ചവടം നടത്താന്‍ എത്തിയ ഗുജറാത്തികളെക്കുറിച്ചും ചെട്ടിമാരെക്കുറിച്ചും, ബംഗാളികളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട് ബാര്‍ബോസ.

നീതിയുക്തമായി വ്യാപാരം ചെയ്യാന്‍ കോഴിക്കോട്ടുകാര്‍ക്കുണ്ടായിരുന്ന മനസ്സ് ഈ തുറമുഖത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കച്ചവടക്കാരെ ആകര്‍ഷിക്കുന്നു എന്ന് ബാര്‍ബോസയില്‍ നിന്ന് മനസ്സിലാകുന്നു. ബാര്‍ബോസയ്ക്കു ശേഷവും കോഴിക്കോട് നിരവധി യാത്രികര്‍ വന്നിട്ടുണ്ട്. വര്‍ത്തെമയും ഹാമില്‍ട്ടണും ഒക്കെ അതില്‍ പെടുന്നവരാണ്.

നമ്മുടെ മുന്നിലുള്ള യാത്രാവിവരണങ്ങളില്‍ ഏറ്റവും അധികം ഊന്നിപ്പറയപ്പെടുന്ന കാര്യം, മേല്‍സൂചിപ്പിച്ച 'നീതി', 'ന്യായം,' 'സുരക്ഷിതത്വം' എന്നീ ഗുണങ്ങളുള്ള കച്ചവടക്കാരായിരുന്നു കോഴിക്കോടുണ്ടായിരുന്നത് എന്നുള്ള ഒരു വസ്തുതതയാണ്. ഈ ഗുണങ്ങളെ അവിടെയുയുള്ളവരും പുറത്തുനിന്നു വന്നവരും വളരെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോയി എന്നും കാണാന്‍ പറ്റും. അതുകൊണ്ടുതന്നെയാണ് കോഴിക്കോട് ഉള്‍പ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളുള്ള മലബാറിനെ 'സമാധാനത്തിന്റെ നാട്' എന്നും, 'വിശ്വസ്തതയുടെ നാട്' എന്നും സൈനുദ്ധീന്‍ മഖ്ദൂം, ഖാദി മുഹിയുദ്ധീന്‍ തുടങ്ങിയ പണ്ഡിതര്‍ രേഖപ്പെടുത്തിയത്. കച്ചവടത്തില്‍ വ്യാപാരികള്‍ കാണിക്കേണ്ട മര്യാദകളെപ്പറ്റി, പാലിക്കേണ്ട സൂക്ഷ്മതകളെപ്പറ്റി, ഉപഭോക്താവിനോട് കാണിക്കേണ്ട സത്യസന്ധതയെപ്പറ്റി, അവനെ ബഹുമാനിക്കുന്നതിനെക്കുറിച്ച്, മര്യാദകളെപ്പറ്റി, അളവിലും തൂക്കത്തിലും പാലിക്കേണ്ട കൃത്യതയെപ്പറ്റി, വ്യാജമായ കച്ചവടത്തെപ്പറ്റി, സാധനങ്ങളുടെ ഗുണനിലവാരങ്ങളെക്കുറിച്ച്, ഉപഭോക്താവിന്റെ സംതൃപ്തിയെപ്പറ്റി, അവരുടെ വിശ്വാസമാര്‍ജ്ജിക്കേണ്ടതിനെക്കുറിച്ചു പതിനാറാം നൂറ്റാണ്ടില്‍ ഇവര്‍ എഴുതിയതും നമ്മുടെ മുന്നിലുണ്ട്.

മുസ്ലിമും, ക്രിസ്ത്യാനിയും ജൂതനും വ്യാപാരാവശ്യങ്ങള്‍ക്കായി ഒന്നിച്ചു യാത്ര ചെയ്യുന്ന കപ്പലുകളെക്കുറിച്ചു നമ്മുടെ മുന്നില്‍ രേഖകളുണ്ട്. അതായത് ലോക വ്യാപാര രംഗത്ത് സാമ്രാജ്യത്വം ശക്തമാവുന്നതിനു മുന്‍പ് ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയവര്‍ മാത്രമായിരുന്നില്ല കോഴിക്കോട്ടെ വ്യാപാരികള്‍, മറിച്ചു 'വിശ്വാസം' (Trust) എന്നത് കച്ചവടത്തിന്റെ ഏറ്റവും മൗലികമായ ഒരു കാര്യമാണെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തവരും കൂടിയാണ്. അത് കച്ചവടക്കാര്‍ പരസ്പരമുള്ള വിശ്വാസവും കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വിശ്വാസവും മുന്‍നിര്‍ത്തി യുള്ളതായിരുന്നു. ഇന്ത്യ സമുദ്രത്തില്‍ ഒരു 'മലബാര്‍ വേ ഓഫ് കൊമേഴ്സ്' തന്നെയുണ്ടായിരുന്നു എന്ന് പറയുന്നതില്‍ ചരിത്രപരമായി ഒരു തെറ്റുമില്ല എന്ന് വേണമെങ്കില്‍ പറയാം.

അങ്ങിനെയാണ് ആരുടെയും പ്രത്യേകിച്ചുള്ള മോട്ടിവേഷന്‍ ക്ലാസ്സുകളൊന്നുമില്ലാതെ പതിനാറാം നൂറ്റാണ്ടിലെ മഹാവ്യാപാരികളായ വലിയ ഹസനൊക്കെ ഈ പ്രദേശത്തുണ്ടാവുന്നത്. അങ്ങിനെയാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ലണ്ടനിലും, ആംസ്റ്റര്‍ഡാമിലും, പാരീസിലും, ഒക്കെ തന്റെ നൂറുകണക്കിന് ചെറുതും വലുതുമായ കപ്പലുകളുമായി വ്യാപാര ബന്ധങ്ങള്‍ സ്ഥാപിച്ച ചൊവ്വക്കാരന്‍ മൂസ കച്ചവടം നടത്തി മഹാ സമ്പന്നനാവുന്നത്. അതിന് കോഴിക്കോട് വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. അന്ന് ഫോര്‍ബ്സ് മാസികയുണ്ടണ്ടായിരുന്നെങ്കില്‍, ഏഷ്യയില്‍ നിന്നുള്ള പേരുകളില്‍ ഒന്ന് ഉറപ്പായും ചൊവ്വക്കാരന്‍ മൂസയുടേതായിരിക്കുമായിരുന്നു എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ആസ്തിയെ പറ്റിയുള്ള ഒരു ഏകദേശ രൂപം നമുക്ക് കിട്ടുക. അവരുടെ ചരക്കുകള്‍ മേന്മയുള്ളതായിരുന്നു. ഉപഭോക്താക്കളോട് തങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്നവര്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല അവര്‍ നിരന്തരം സ്വയം മോട്ടിവേഷന്‍ ചെയ്തവരായിരുന്നു.

ഈ ലെഗസിയൊക്കെ സൂക്ഷിക്കുന്ന, കച്ചവടത്തിലും മറ്റും ഇപ്പോഴും വലിയൊരളവില്‍ നീതിബോധവും ന്യായ വിചാരങ്ങളും സൂക്ഷിക്കുന്ന, ഇന്ത്യയിലെ വന്‍കിട വ്യാപാരികള്‍ ഇപ്പോഴും ജീവിക്കുന്ന നഗരമാണ് കോഴിക്കോട്. അവിടെയുള്ള വ്യാപാരികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സ് വേണമെന്നു തോന്നിയവര്‍ ആരാണാവോ, അതും തെറിക്ക് മിനുട്ട് വെച്ച് ചാര്‍ജ് ചെയ്യുന്ന ഒരാളെ വച്ച്? നീതിയും ന്യായവും കുറ്റബോധവും വ്യാപാരത്തില്‍ വേണ്ട എന്ന് വിശ്വസിക്കുന്ന ഒരാളെവെച്ച്?

Related Stories

No stories found.
logo
Reporter Live
www.reporterlive.com