ദളിതുകളും ആദിവാസികളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും; 2024ലേക്ക് ഖാര്‍ഗെയുടെ ലക്ഷ്യം

ഭാരത് ജോഡോ യാത്ര നല്‍കിയ വലിയ ഊര്‍ജ്ജത്തിലും പ്രതീക്ഷയിലുമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ദളിതുകളും ആദിവാസികളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും; 2024ലേക്ക് ഖാര്‍ഗെയുടെ ലക്ഷ്യം

അത് വരെയുള്ള എല്ലാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും ശീലങ്ങളെയും അട്ടിമറിച്ചു കൊണ്ടാണ് ബിജെപി 2014ല്‍ അധികാരത്തില്‍ വന്നത്. വളരെ ആവേശത്തോടു കൂടി എല്ലാ മേഖലകളിലും എല്ലാ പാര്‍ട്ടികളെയും വളരെ ദൂരം പിന്നിലാക്കിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

അതിന് ശേഷവും സാധാരണ ഗതിയിലേക്ക് മടങ്ങിയെത്താന്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിഞ്ഞില്ല. സ്വന്തം നിലക്ക് ബിജെപി വിരുദ്ധ പോരാട്ടങ്ങളൊക്കെ നടത്തിയെങ്കിലും അതൊന്നും സംഘടിത സ്വഭാവത്തിലുള്ളതോ കൃത്യമായ പദ്ധതി മുന്നോട്ടുവെച്ചിട്ടുള്ളതോ ആയിരുന്നില്ല. അതേസമയം ബിജെപിയാവട്ടെ ബഹുമുഖ തന്ത്രങ്ങള്‍ നടപ്പിലാക്കി വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമത്തിലായിരുന്നു. ഒരേ സമയം ധനികരെയും മധ്യവര്‍ഗത്തെയും തൃപ്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍, ഗ്രാമീണ ഇന്ത്യയുടെ യഥാര്‍ത്ഥ വശത്തെ സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ ഒരുമിച്ചു കൊണ്ടുവന്നും വിജയിച്ചു. വേണ്ടപ്പോഴെല്ലാം ഹിന്ദുത്വ ഉപയോഗിച്ചു കൊണ്ടിരുന്നു അവർ.

കോണ്‍ഗ്രസ് ബിജെപിക്കെതിരെ റഫേല്‍ അഴിമതിയും മറ്റും ആരോപിച്ചെങ്കിലും ആത്മവിശ്വാസത്തിന്റെയും നേതൃമികവിന്റെയും ബലം ഉണ്ടായിരുന്നില്ല. മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും സമാന അവസ്ഥ തന്നെയാണുണ്ടായത്. ഒരിക്കല്‍ പോലും സംയുക്ത മുന്നണി എന്ന ആശയത്തിലേക്ക് അവര്‍ എത്തിയില്ല. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പേ അവര്‍ പരാജയപ്പെട്ടു പോയിരുന്നു.

തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ പോലും 18 സീറ്റുകള്‍ ബിജെപി ഒറ്റയടിക്ക് സ്വന്തമാക്കി. തെലങ്കാനയില്‍ നാല് സീറ്റുകള്‍ നേടി തെക്കേ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്ത് കൂടി അവര്‍ അക്കൗണ്ട് തുറന്നു. 2014നേക്കാള്‍ മികച്ച വിജയമാണ് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ നേടിയത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നൊഴിഞ്ഞു. പിന്നെയും മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. പല നിയമസഭ തിരഞ്ഞെടുപ്പുകളിലും വീണ്ടും പരാജയപ്പെട്ടു.

അതിന് ശേഷമാണ് ഇങ്ങനെ പോയാല്‍ പോരെന്ന് തോന്നിയത്. അതിനെ തുടര്‍ന്നാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം രാജസ്ഥാനിലെ ഉദയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിവിര്‍ വിളിച്ചു ചേര്‍ത്തത്. വളരെ കാര്യമായി, യാഥാര്‍ത്ഥ്യ ബോധത്തോടെ ചില കാര്യങ്ങള്‍ അവിടെ ആലോചിച്ചു. അതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര നടന്നത്. നൂറ്റമ്പതോളം ദിവസങ്ങള്‍ നീണ്ടു നിന്ന ആ യാത്രയില്‍ നിന്ന് കോണ്‍ഗ്രസ് ഒരു കാര്യം പഠിച്ചു. ഇപ്പോഴും കോണ്‍ഗ്രസിനെ പ്രതീക്ഷിക്കുന്ന നിരവധി മനുഷ്യര്‍ രാജ്യത്തുണ്ടെന്നതായിരുന്നു അത്.

ഭാരത് ജോഡോ യാത്ര നല്‍കിയ വലിയ ഊര്‍ജ്ജത്തിലും പ്രതീക്ഷയിലുമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആ തിരഞ്ഞെടുപ്പില്‍ താഴെ തട്ടില്‍ പ്രവര്‍ത്തിച്ചു കയറി വന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന, ദളിത് സമുദായത്തില്‍ നിന്നുള്ള നേതാവ് അദ്ധ്യക്ഷ പദത്തിലേറി. 80 വയസ്സുള്ള ഒരു നേതാവിന് എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യം പല ദിക്കില്‍ നിന്നും അക്കാലത്തുയര്‍ന്നിരുന്നു.

എന്നാല്‍ തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നീക്കങ്ങളാണ് അദ്ധ്യക്ഷനായതിന് ശേഷം ഖാര്‍ഗെ നടത്തിയത്. വിജയത്തിലേക്ക് എളുപ്പവഴികളില്ലെന്ന തരത്തില്‍ തന്റെ പാര്‍ട്ടി ഇപ്പോള്‍ എവിടെയത്തി നില്‍ക്കുന്നു എന്നതിനെ കൃത്യമായി മനസ്സിലാക്കി കൊണ്ടെന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ബ്ലോക്ക് കമ്മറ്റി തരത്തില്‍ പ്രവര്‍ത്തിച്ചു വന്ന നേതാവെന്ന നിലക്ക് സംഘടനയെ ശക്തമാക്കി കൊണ്ടല്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന സന്ദേശമാണ് അദ്ദേഹം മറ്റു ഭാരവാഹികള്‍ക്ക് നല്‍കുന്നത്. അത് കൊണ്ട് തന്നെ എല്ലാ ദിവസങ്ങളും ഖാര്‍ഗെക്ക് തിരക്കേറിയതാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തുന്നു. കമ്മറ്റികള്‍ ഉണ്ടാക്കുന്നു. പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കുന്നു. ഓരോ സംസ്ഥാനങ്ങളിലെയും ലോക്‌സഭ ഒരുക്കങ്ങള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വളരെ നേരത്തെ തന്നെ തുടങ്ങുന്നു. ദൈനംദിന സംഘടനാ പ്രവര്‍ത്തനത്തിന്റെ കാറ്റ് കോണ്‍ഗ്രസിനകത്ത് ചെറുതായെങ്കിലും കൊണ്ടുവരാന്‍ ഖാര്‍ഗെക്കായിട്ടുണ്ട്.

ഇതൊക്കൊണെങ്കിലും ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറണമെങ്കില്‍ പലതരം സാമൂഹ്യ വിഭാഗങ്ങളുടെ പിന്തുണ കൂടിയേ തീരൂ എന്ന് ഖാര്‍ഗെക്ക് അറിയാം. അത് കൊണ്ട് തന്നെ കോണ്‍ഗ്രസിലെ അധികാരത്തില്‍ എത്തിച്ചിരുന്ന സാമൂഹ്യ വിഭാഗങ്ങളുടെ പിന്തുണ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഖാര്‍ഗെ. ദളിതുകളുടെയും ആദിവാസികളുടെയും പിന്നോക്കക്കാരുടെയും ന്യൂനപക്ഷങ്ങങ്ങളുടെയും പിന്തുണ ആണ് ഖാര്‍ഗെ ആഗ്രഹിക്കുന്നത്. ഖാര്‍ഗെ അധികാരത്തിലെത്തുന്നതിന് മുന്‍പെ തന്നെ രാഹുല്‍ ഈ സമവാക്യം മുന്‍പോട്ടുവെച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഖാര്‍ഗെ വന്നതോടെ ഈ വിഭാഗങ്ങളുടെ സ്വന്തം പാര്‍ട്ടിയാവാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ ഏറെക്കാലം പിന്തുണച്ചിരുന്ന ഈ വിഭാഗങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് ഖാര്‍ഗെ സ്വീകരിക്കുന്ന നിലപാട്.

ദളിത്, ഗോത്ര, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് നേതാക്കളെ വളര്‍ത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുള്ള സംഘടനാ പരിപാടികളിലേക്ക് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കടന്നിരുന്നു. ചിന്തന്‍ ശിവിറിലെ തീരുമാനവും ഖാര്‍ഗെയുടെ കാഴ്ചപ്പാടുമാണ് ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നത്. ഡല്‍ഹിയില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ 'നേതൃത്വ വികസന പദ്ധതി' കൂട്ടായ്മ നടന്നിരുന്നു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ലോക്സഭ സംവരണ മണ്ഡലങ്ങളിലും 'നേതൃത്വ വികസന പദ്ധതി' കോര്‍ഡിനേറ്റര്‍മാരെ നിയോഗിക്കുന്നതില്‍ ഖാര്‍ഗെ സന്തോഷം രേഖപ്പെടുത്തിയിരുന്നു.

സാമൂഹ്യനീതി നടപ്പിലാക്കുക എന്ന പാര്‍ട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം നടപ്പില്‍ വരുത്താനും ഈ സമുദായങ്ങളെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് 'നേതൃത്വ വികസന പദ്ധതി'യെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. നിലവിലുള്ള നേതാക്കളും പുതിയ നേതാക്കളും പാര്‍ട്ടിയെ നയിക്കുകയും അവരുടെ സമുദായങ്ങളെ പ്രതീനിധീകരിക്കുകയും ചെയ്യും. ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

മണ്ഡല്‍ പ്രക്ഷോഭ കാലത്തോടെയാണ് കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ഈ സാമൂഹ്യ വിഭാഗങ്ങള്‍ അകന്നു തുടങ്ങിയത്. ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസിന്റെ ദളിത് വോട്ട് ബാങ്ക് ഒന്നാകെ കൊണ്ടുപോയി. പിന്നോക്കകാരില്‍ ഭൂരിപക്ഷവും എസ്പിയിലേക്കും മുന്നോക്കക്കാര്‍ ബിജെപിയിലേക്കും പോയതോടെ കോണ്‍ഗ്രസ് സംസ്ഥാനത്ത് നാമാവശേഷമായി. ബിഹാറിലും മറ്റ് സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് കോണ്‍ഗ്രസിനെ കാത്തിരുന്നത്. ഈ കാര്യങ്ങളെ മുന്നില്‍ കണ്ട് പ്രായോഗികമായ തന്ത്രങ്ങളാണ് ഖാര്‍ഗെ മെനയുന്നത്.

ബിഎസ്പിയുമായി സഖ്യത്തിലെത്തണം എന്ന നിര്‍ദേശം പല കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ അതിനെ തള്ളുകയാണ് ഖാര്‍ഗെ. ബിഎസ്പിയുടെ ശക്തികേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശില്‍ ദളിത് വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് ജാദവ വിഭാഗങ്ങള്‍ക്കിടയില്‍ ബിഎസ്പി ദേശീയ അദ്ധ്യക്ഷ മായാവതിയുടെ പ്രഭാവം മങ്ങുകയാണെന്നാണ് ഖാര്‍ഗെയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബിഎസ്പിയുമായി സഖ്യത്തിലെത്താതെ കോണ്‍ഗ്രസ് ദളിത് വിഭാഗങ്ങളുമായി മികച്ച ബന്ധമുണ്ടാക്കണമെന്നാണ് ഖാര്‍ഗെ ആവശ്യപ്പെടുന്നത്. അതിനായി മൂന്ന് വഴികളും ഖാര്‍ഗെ മുന്നോട്ടുവെക്കുന്നു. പാര്‍ട്ടി സംഘടനക്കുള്ളില്‍ ദളിത് പ്രാതിനിധ്യം കൂട്ടുക, ദളിത്, ബഹുജന്‍ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ചടുലമായ നിലപാടുകള്‍ സ്വീകരിക്കുക, ദളിത് സാമൂഹ്യ സംഘടനകളുമായി മികച്ച ബന്ധം പുലര്‍ത്തുക എന്നീ വഴികളാണ് ഖാര്‍ഗെ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതേ സമീപനം മറ്റു സാമൂഹ്യ വിഭാഗങ്ങളോടും സ്വീകരിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടിട്ടുണ്ട്.

സവര്‍ണ വിഭാഗങ്ങളുടെ മാത്രം പിന്തുണയുള്ള പാര്‍ട്ടിയെന്ന നിലയില്‍ നിന്ന് ബിജെപി വളര്‍ന്നത് ഹിന്ദുത്വയോടൊപ്പം തന്നെ 'സോഷ്യല്‍ എഞ്ചിനീയറിംഗ്' എന്ന് പേരില്‍ അറിയപ്പെടുന്ന, മറ്റു സമുദായങ്ങളെ ആകര്‍ഷിച്ചുകൊണ്ടുകൂടിയാണ്. ഇത് മനസ്സിലാക്കി കൊണ്ട് കൃത്യമായി തങ്ങള്‍ക്കൊരു രാഷ്ട്രീയമുണ്ടാവണമെന്നും പിന്തുണക്കുന്ന വിഭാഗങ്ങളുണ്ടാവണമെന്നും ഖാര്‍ഗെ മനസ്സിലാക്കിയിട്ടുണ്ട്. അതിനെ മുന്‍നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ എന്നറിയാന്‍ ഫലം പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കേണ്ടിവരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com