
സാങ്കേതിക മികവ് കൊണ്ട് ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് കമൽ ഹാസൻ നായകനായെത്തിയ ആളവന്താൻ. 22 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും റീറിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് വരുന്നത്. സിനിമയുടെ നിര്മ്മാതാവായ വി ക്രിയേഷന്സിന്റെ കലൈപ്പുലി എസ് താണുവാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂട അറിയിച്ചത്.
സിനിമയുടെ പോസ്റ്ററിനൊപ്പം കലൈപ്പുലി എസ് താണു സിനിമ റീ റിലീസ് ചെയ്യുന്നുവെന്ന് അറിയിച്ചത്. 1000 തിയേറ്ററുകളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. എന്നാൽ സിനിമ എന്ന് വീണ്ടും തിയേറ്ററുകളിലേക്ക് വീണ്ടുമെത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടില്ല. സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്.
കമൽ ഹാസൻ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ രവീണ ടണ്ടൻ ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മനീഷ കൊയ്രാള, അനു ഹാസൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി. തമിഴിന് പുറമെ അഭയ് എന്ന പേരിൽ ചിത്രം ഹിന്ദിയിലും റിലീസ് ചെയ്തിരുന്നു. 2001 ലെ ദീപാവലി റിലീസ് ആയി എത്തിയ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയം നേരിട്ടു. 25 കോടിയായിരുന്നു ബജറ്റ്.
എന്നാൽ വർഷങ്ങൾക്ക് ശേഷം സിനിമയുടെ മേക്കിങ്ങും അതിന്റെ സാങ്കേതിക മികവും ഏറെ ചർച്ചാ വിഷയമായി മാറി. ആദ്യമായി മോഷന് കണ്ട്രോള് റിഗ് ഉപയോഗിച്ച സിനിമ, അനിമേഷൻ രംഗങ്ങൾ ഉപയോഗിച്ച ചിത്രം എന്നിങ്ങനെ പല റെക്കോർഡുകളും സിനിമയ്ക്ക് സ്വന്തമാണ്. ഹോളിവുഡ് സംവിധായകൻ ക്വെന്റിന് ടറന്റീനോയുടെ ഹിറ്റ് ചിത്രമായ കില് ബില്ലിലെ ആനിമേറ്റഡ് സീക്വന്സുകള്ക്ക് പ്രചോദനമായത് ആളവന്താനാണ്. നേരത്തെ കമൽ ഹാസന്റെ പുഷ്പക വിമാനം, നായകന് എന്നീ സിനിമകൾ റീറിലീസ് ചെയ്തിരുന്നു.