
സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന 'കങ്കുവ', സുധ കൊങ്കര ചിത്രം 'സൂര്യ 43' തുടങ്ങി ഒന്നിലധികം ലൈനപ്പുകളാണ് സൂര്യയുടേതായി വരാനിരിക്കുന്നത്. എന്നാൽ തമിഴിൽ മാത്രം ഒതുങ്ങാതെ ബോളിവുഡിൽ പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് താരം. 'രംഗ് ദേ ബസന്തി', 'ഡൽഹി-6', 'ഭാഗ് മിൽഖാ ഭാഗ്' തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്റയ്ക്കൊപ്പമാണ് സൂര്യ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.
രാകേഷ് ഓംപ്രകാശിന്റെ 'കർണ' എന്ന ചിത്രത്തിലാകും നടൻ അഭിനയിക്കുക എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ സൂര്യയ്ക്ക് ലീഡ് റോളാണ്. സൂര്യയും ഓംപ്രകാശുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയതോടെയാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമായത്.
തെന്നിന്ത്യൻ സിനിമയിൽ ചുരുങ്ങാതെ ബോളിവുഡിലും തന്റെ അഭിനയം അടയാളപ്പെടുത്തുന്നതിന് വേണ്ടിയാണ് താരം തയ്യാറെടുക്കുന്നതെന്നാണ് സൂചന. ബിഗ് ബജറ്റിൽ, രണ്ട് ഭാഗങ്ങളിലായി നിർമ്മിക്കുന്ന ചിത്രമാണ് കർണ. 2024-ൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. മഹാഭാരത കാലഘട്ടം പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയിൽ കർണനായി തന്നെയാണ് സൂര്യ എത്തുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.