'കാസർഗോൾഡ്', 'എ ഹോണ്ടിങ് ഇൻ വെനീസ്', 'മാർക്ക് ആന്റണി'; ഇന്ന് തിയേറ്ററിൽ കാണാൻ ഈ ചിത്രങ്ങൾ

മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ഈ ദിവസം തിയേറ്ററുകളിലെത്തുന്നത് അഞ്ച് സിനിമകളാണ്
'കാസർഗോൾഡ്', 'എ ഹോണ്ടിങ് ഇൻ വെനീസ്', 'മാർക്ക് ആന്റണി'; ഇന്ന് തിയേറ്ററിൽ കാണാൻ ഈ ചിത്രങ്ങൾ

പുതിയ റിലീസുകൾ തിയേറ്ററുകളിൽ എത്തുന്നതു കൊണ്ടുതന്നെ സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ട ദിവസമാണ് വെള്ളിയാഴ്ച. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഇന്ന് തീയേറ്ററുകളിലെത്തുന്നത് അഞ്ച് സിനിമകളാണ്. 'കാസർഗോൾഡ്', 'നദികളിൽ സുന്ദരി യമുന', 'പ്രാവ്' എന്നീ ചിത്രങ്ങൾ മലയാളത്തിൽ റിലീസിനെത്തുമ്പോൾ തമിഴിൽ 'മാർക്ക് ആന്റണി'യും ഇംഗ്ലീഷിൽ 'എ ഹോണ്ടിങ് ഇൻ വെനീസു'മാണ് ഇന്ന് തിയേറ്ററുകളിലെത്തുന്നത്.

കാസർഗോൾഡ്

മൃദുൽ നായർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവരാണ് പ്രധാന താരങ്ങൾ. സ്വർണ്ണക്കടത്ത് പശ്ചാത്തലമാകുന്ന സിനിമ ക്രൈം ഡ്രാമ ഴോണറിലുള്ളതാണ്. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമയാണ് നിർമ്മാണം.

ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഷൈൻ ടോം ചാക്കോ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. തല്ലുമാലയിലൂടെ 'സെൻസേഷൻ' ആയി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് കാസർഗോൾഡിന് സംഗീതമൊരുക്കുന്നത്.

നദികളിൽ സുന്ദരി യമുന

ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'നദികളിൽ സുന്ദരി യമുന'. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമാറ്റിക് ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരിക്കഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം. സുധീഷ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹൻ സിനുലാൽ, രാജേഷ് അഴിക്കോടൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഫൈസൽ അലിയാണ് ഛായാഗ്രഹണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കണ്ണൻ, അജു വർഗീസിന്റെ വിദ്യാധരൻ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.

പ്രാവ്

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവാണ് ഇന്ന് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. സൗഹൃദത്തിനും നർമത്തിനും പ്രാധാന്യമുള്ള ഒരു ഫാമിലി എന്റർടെയ്നർ ആണ് പ്രാവ് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. സിഇറ്റി സിനിമാസിന്റെ ബാനറിൽ പി ആർ രാജശേഖരൻ ആണ് നിർമ്മാണം.

അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മാർക്ക് ആന്റണി

തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താരമാണ് വിശാൽ. നടൻ ഇരട്ട വേഷത്തിലെത്തുന്ന 'മാർക്ക് ആന്റണി' ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. എസ് ജെ സൂര്യ പ്രതിനായകനാകുന്ന സിനിമയുടെ ട്രെയ്‌ലറിനും പാട്ടുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

സയൻസ് ഫിക്ഷൻ ഴോണറിൽ കഥ പറയുന്ന ചിത്രം ഏറെ രസകരമായ നിമിഷങ്ങളിലൂടെയാകും പോവുക എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സിനിമയിൽ എസ് ജെ സൂര്യയുടെ മികച്ച പ്രകടനം കാണാൻ കഴിയുമെന്നാണ് ട്രെയ്‌ലറിന് ശേഷം ആരാധകരുടെ പ്രതീക്ഷ. വിശാലിന്റെതായി അവസാനമെത്തിയ 'തുപ്പറിവാളൻ', 'ഇരുമ്പുതിരൈ' അടക്കമുള്ള ചിത്രങ്ങൾ വലിയ വിജയമായിരുന്നു. അതുകൊണ്ടുതന്നെ വിശാൽ-എസ് ജെ സൂര്യ കൂട്ടുകെട്ടിന്മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്ക്.

എ ഹോണ്ടിങ് ഇൻ വെനീസ്

ക്രൈം ഡ്രാമ ഴോണറിലുള്ള ബോളിവുഡ് ചിത്രം 'എ ഹോണ്ടിങ് ഇൻ വെനീസ്' ഇന്ന് ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. അഗതാ ക്രിസ്റ്റിയുടെ അതേ പേരിലുള്ള പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് എ ഹോണ്ടിങ് ഇൻ വെനീസ്. ഹാലോവെൻ പാർട്ടിയുമായി ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കെന്നത്ത് ബ്രനാഗ് ആണ് സിനിമയുടെ സംവിധായകൻ. ബ്രനാഗിനൊപ്പം കെല്ലി റെയ്‌ലി, മിഷേൽ യോ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com