
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഒരു അടി വീഡിയോയ്ക്ക് പിന്നാലെയുള്ള സത്യാന്വേഷണത്തിലാണ് നടന്മാരായ സണ്ണി വെയ്നിന്റെയും ലുക്ക്മാന്റെയും ആരാധകർ. ഇരുവരും തമ്മിൽ അടിപിടികൂടുമ്പോൾ കൂടെയുള്ളവർ പിടിച്ചുമാറ്റുന്ന അവ്യക്തമായ വീഡിയോയാണ് സെപ്റ്റംബർ ഒമ്പതിന് സോഷ്യൽ മീഡിയയിൽ എത്തിയത്.
പിന്നാലെ, എന്താണ് സംഭവം എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ പ്രതികരിച്ചിരുന്നു. ശരിക്കുമുള്ള അടിപിടിയാണോ അതോ സിനിമ പ്രൊമോഷന്റെ ഭാഗമായുള്ള വീഡിയോ ആണോ അതുമല്ലെങ്കിൽ ചിത്രീകരണ വേളയിലെടുത്ത വീഡിയോ ആണോ എന്നൊന്നും വ്യക്തമല്ല. വീഡിയോയിൽ സണ്ണി വെയ്ന്റെയും ലുക്ക്മാന്റെയും പേരെടുത്ത് വിളിച്ചാണ് കൂടെയുള്ളവർ അടിയിൽ നിന്ന് ഇരുവരെയും പിടിച്ചു മാറ്റുന്നത്. ഇത് ശരിക്കുമുള്ള ഫൈറ്റ് തന്നെയാണെന്ന് പലരും ഉറപ്പിച്ച് പറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സണ്ണി വെയ്ൻ പങ്കവെച്ച 'ടർക്കിഷ് തർക്കം' എന്ന സിനിമയുടെ പോസ്റ്റർ വ്യക്തത വരുത്തുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സണ്ണി ലുക്ക്മാനെയും ടാഗ് ചെയ്തിട്ടുണ്ട്. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ ഭാഗമായുള്ള വീഡിയോയാണെന്നാണ് വരുന്ന പ്രതികരണങ്ങൾ. എന്നാൽ ഇതിന്റെ സത്യവസ്തയെന്തെന്ന് അണിയറപ്രവർത്തകരോ താരങ്ങളോ സംവിധായകനായ നവാസ് സുലൈമാനോ വെളിപ്പെടുത്തിയിട്ടില്ല.