
'രോമാഞ്ചം' സിനിമയിലൂടെ ഹിറ്റ് സംവിധായകനായി മാറിയ ജിതു മാധാവന്റെ പുതിയ ചിത്രം 'ആവേശ'ത്തിന്റെ റിലീസ് വിശേഷങ്ങളാണ് പുറത്തുവരുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രം 2024, ഏപ്രിൽ 11-ന് റിലീസിനെത്തുമെന്നാണ് സിനിമ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ നാട്ടിലെ ഗുണ്ടയേയാണ് ഫഹദ് അവതരിപ്പിക്കുന്നത്. സിനിമയുടെ സെറ്റുകളിൽ നിന്നുള്ള നടന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
ആവേശം റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി, മൻസൂർ അലി ഖാൻ തുടങ്ങിയ താരങ്ങളും അണിനിരക്കും. 'രോമാഞ്ചം'സിനിമ പോലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രമെന്നാണ് വിവരം.
ഹൊറർ കോമഡി ഴോണറിലുള്ള രോമാഞ്ചം 2023 ലെ മോളിവുഡ് ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ച ചിത്രമാണ്. ചിത്രം 50 കോടിയിലധികം കളക്ഷനാണ് സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റടിച്ച ചിത്രത്തിന്റെ സംവിധാന മികവും മേക്കിങ്ങുമാണ് രോമാഞ്ചത്തെ വിജയത്തിലേക്ക് നയിച്ചത്. വരാനിരിക്കുന്ന ചിത്രം ഇതേ ആവേശം നൽകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.