ഡല്‍ഹിയില്‍ ആറുവയസുകാരിയെ ബലാത്സംഗ ചെയ്ത സംഭവം; പ്രതി കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു
25 Oct 2021 1:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: ഡൽഹിയിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളുടെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളില്‍ സ്ഥിരീകരിച്ചു. ഡല്‍ഹി രഘുഭീർ നഗർ സ്വദേശിയായ പ്രതി സൂരജ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഒളിവിലായിരുന്ന ഇയാളെ ഹരിയാനയിലെ രോഹ്ത്താക്കില് നിന്നാണ് അറസ്റ്റുചെയ്തത്.
36 മണിക്കൂറിനുള്ളില്‍ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സൂരജ് കുട്ടിയുമായി മാർക്കറ്റ് പരിസരത്ത് കൂടി പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇയാള്‍ക്ക് പിറകെ കുട്ടി നടക്കുന്നതാണ് ദൃശ്യങ്ങളില്‍ നിന്ന് കാണുന്നത്. പ്രതിക്ക് പെൺകുട്ടിയുമായോ കുട്ടിയുടെ കുടുംബവുമായോ മുന്‍പരിചയമില്ലെന്നും പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ 23 ശനിയാഴ്ച രാവിലെയാണ് വീടിനടുത്ത സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണത്തിന് പോയ കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. വീട്ടിലെത്തിയ കുട്ടിക്ക് രക്തസ്രാവം ഉണ്ടായതോടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്.