ചെന്നൈ: മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം സ്വദേശി മുഹമ്മദ് ഷെരീഫ് (36), , കോഴിക്കോട് സ്വദേശി ടി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി തേടിയാണ് ചെന്നൈയിൽ എത്തിയത്. ആഗസ്റ്റ് മൂന്നിന് രാത്രിയാണ് ഇരുവരും ചെന്നൈയിലെ ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇവരെ സ്വീകരിക്കാൻ മുഹമ്മദ് റഫീഖ് എന്ന സുഹൃത്താണ് സ്റ്റേഷനിലെത്തിയത്.
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ആദ്യം കടന്നത് മുഹമ്മദ് റഫീഖ് ആയിരുന്നു. പിന്നാലെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ഷെരീഫ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഐശ്വര്യയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ നടക്കും.