സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കോളിവുഡിലും കമ്മിറ്റി; കുറ്റം തെളിഞ്ഞാല്‍ വിലക്ക്

പരാതികള്‍ അറിയിക്കാന്‍ ഇ മെയിലും ഫോണ്‍ നമ്പറും തയ്യാറാക്കി
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കോളിവുഡിലും കമ്മിറ്റി; കുറ്റം തെളിഞ്ഞാല്‍ വിലക്ക്
Updated on

ചെന്നൈ: തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി നിലവില്‍ വന്നു. അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘമാണ് കമ്മിറ്റി രൂപീകരിച്ചത്. സനിമാ മേഖലയിലുള്ള സ്ത്രീകള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള സ്ഥിരം കമ്മിറ്റി എന്ന നിലയിലാണ് കമ്മിറ്റി രൂപീകരിച്ചത്.

ആരോപണം തെളിയിക്കപ്പെട്ടാല്‍ പ്രതി നിയമനടപടികള്‍ നേരിടുന്നതിനൊപ്പം അഞ്ച് വര്‍ഷം വരെ സിനിമയില്‍ വിലക്കും നേരിടണം. വാര്‍ത്താക്കുറിപ്പിലൂടെയാണ് നടികര്‍ സംഘം ഇക്കാര്യം അറിയിച്ചത്. പരാതികള്‍ അറിയിക്കാന്‍ ഇ മെയിലും ഫോണ്‍ നമ്പറും തയ്യാറാക്കി.

അതിജീവിതര്‍ക്ക് നിയമസഹായവും കമ്മിറ്റി ഉറപ്പാക്കും. മലയാളം സിനിമാ മേഖലയെ പിടിച്ചുകുലുക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സമാനമായ കമ്മിറ്റി കോളിവുഡിലും വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പത്ത് പേരടങ്ങുന്ന സമിതി രൂപീകരിക്കാന്‍ നടപടി ആരംഭിച്ചെന്നും അധികം വൈകാതെ ഇത് നിലവില്‍ വരുമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അറിയിച്ചിരുന്നു.

സിനിമാ മോഹവുമായി എത്തുന്നവരില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. അതിനാല്‍ തന്നെ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിക്കല്‍ നടക്കാന്‍ സാധ്യതയുണ്ട്. അഭിനയിക്കുന്നതിന് അവസരം തേടിയെത്തുന്ന സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരെങ്കിലും മോശമായി പെരുമാറിയാല്‍ ചെരുപ്പൂരി അടിക്കണം എന്നായിരുന്നു വിശാലിന്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com