പ്രധാനമന്ത്രിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവെച്ച് ബുംറ; അംഗഥിനെ ലാളിച്ച് മോദി

പ്രധാനമന്ത്രിയുടെ വസതിയില്‍ ചെലവഴിച്ച നിമിഷങ്ങള്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുംറ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു
പ്രധാനമന്ത്രിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവെച്ച് ബുംറ; അംഗഥിനെ ലാളിച്ച് മോദി

ന്യൂഡൽഹി: ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ സ്വീകരണം നല്‍കി. ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ വസതിയെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. ഇതിനിടെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചെലവഴിച്ച നിമിഷങ്ങള്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുംറ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. പങ്കാളി സന്‍ജനയക്കും മകന്‍ അംഗഥിനുമൊപ്പം പ്രധാനമന്ത്രിയോടൊന്നിച്ച് പോസ് ചെയ്ത ചിത്രമാണ് ബുംറ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ബുംറയുടെ മകന്‍ അംഗഥിനെ കൈയ്യിലെടുത്ത് പിടിച്ച് ലാളിക്കുന്ന പ്രധാനമന്ത്രിയാണ് ചിത്രത്തിലുള്ളത്. സന്തോഷവാനായി പ്രധാനമന്ത്രിയുടെ കൈകളില്‍ ഇരിക്കുന്ന അംഗഥിനെയും ചിത്രത്തില്‍ കാണാം. ലോകകപ്പിലെ താരമായി നേരത്തെ ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്തെ വിരാട് കോഹ്‌ലിയും റിഷഭ് പന്തും യൂസവേന്ദ്ര ചഹലും പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത് ഒരുബഹുമതിയായി കാണുന്നെന്ന് അഭിപ്രായപ്പെട്ട കോഹ്‌ലി വസതിയിലേയ്ക്ക് ക്ഷണിച്ചതില്‍ പ്രധാനമന്ത്രിക്ക് നന്ദിയും രേഖപ്പെടുത്തി. പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രഭാതഭക്ഷണ സമയത്ത് അദ്ദേഹത്തിന് ഹസ്തദാനം നല്‍കുന്ന ചിത്രവും കോഹ്‌ലി പങ്കുവെച്ചു. പ്രധാനമന്ത്രിയെ ഹഗ് ചെയ്യുന്ന ചിത്രമാണ് റിഷഭ് പന്ത് പങ്കുവെച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനുമൊപ്പം ലോകകിരീടം പിടിച്ച് ഇന്ത്യന്‍ ടീമിനൊപ്പം പ്രധാനമന്ത്രി പോസ് ചെയ്ത ഫോട്ടോയും സോഷ്യല്‍ മീഡിയ ഇതിനകം ഏറ്റെടുത്ത് കഴിഞ്ഞു.

ലോകകിരീടം നേടി രാവിലെ ദില്ലിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ ടി20 ലോകകപ്പ് വിജയത്തെ അഭിനന്ദിച്ച നരേന്ദ്ര മോദി ഈ വിജയം ഭാവിയിലെ ടൂര്‍ണമെന്റുകളിലും പ്രചോദനമാകട്ടെയെന്നും ആശംസിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com