ഭരണ, പാർട്ടി ചുമതലകൾ കൈമാറി കെജ്‍രിവാൾ; അതിഷിയും സന്ദീപ് പഥക്കും നയിക്കും

മുതിർന്ന നേതാവായ സഞ്ജയ് സിങ്ങിന് ചുമതലകൾ നൽകിയിട്ടില്ല
ഭരണ, പാർട്ടി ചുമതലകൾ കൈമാറി കെജ്‍രിവാൾ; അതിഷിയും സന്ദീപ് പഥക്കും നയിക്കും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിലേക്ക് മടങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സർക്കാരിന്റെയും പാർട്ടിയുടെയും ചുമതലകൾ കൈമാറി. ജലവകുപ്പ് മന്ത്രി അതിഷി മർലേനയ്ക്കും ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിനുമാണ് ചുമതലകൾ നൽകിയിരിക്കുന്നത്. ഭരണനിർവ്വഹണത്തിന്റെ ചുമതലയാണ് അതിഷി മർലേനയ്ക്ക് നൽകിയത്. പാർട്ടി നിയന്ത്രണത്തിന്റെ ചുമതല സന്ദീപ് പഥക്കിനും നൽകി. മന്ത്രി സൗരഭ് ഭരദ്വാജിനെ പാർട്ടി നിയന്ത്രണ ചുമതലയുള്ള സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മദ്യ നയക്കേസിൽ 21 ദിവസത്തെ ഇടക്കാല ജാമ്യം അവസാനിച്ച് ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് മടങ്ങിയ പശ്ചാത്തലത്തിലാണ് ചുമതലകൾ കൈമാറിയത്. കെജ്‍രിവാളിന്റെ ഭാര്യ സുനിത കെജ്‍രിവാൾ ഉടൻ രാഷ്ട്രീയത്തിലേക്കിറങ്ങില്ല. മുതിർന്ന നേതാവായ സഞ്ജയ് സിങ്ങിന് ചുമതലകൾ നൽകിയിട്ടില്ല. വിശ്വസ്തരായ നേതാക്കളെയാണ് ചുമതലകൾ ഏൽപ്പിച്ചിരിക്കുന്നത്. സ്വാതി മലിവാളിനെതിരായ അതിക്രമക്കേസിൽ സഞ്ജയ് സിങ് നേതൃത്വത്തെ വിമർശിച്ചിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജയിലിലേക്ക് മടങ്ങുന്നതിന് മു​മ്പായി രാജ്ഘട്ടിലെ ഗാന്ധിസ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും കെജ്‌രിവാൾ സന്ദർശിച്ചിരുന്നു. ഭാര്യ സുനിത കെജ്‌രിവാൾ, ഡൽഹി മന്ത്രിമാരായ അതിഷി മ‍ർലേന, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പഥക് എന്നിവരും നേതാക്കളായ ദുർഗേഷ് പതക്, രാഖി ബിർള, റീന ഗുപ്ത എന്നിവരും കെജ്‍രിവാളിനൊപ്പമുണ്ടായിരുന്നു.

എക്സിറ്റ് പോൾ സമ്പൂർണ്ണ വ്യാജമാണെന്നും ജൂൺ നാലിന് ഹനുമാൻ സ്വാമി അവതരിക്കുമെന്നും ജയിലിലേക്ക് മടങ്ങുന്നതിന് തൊട്ട് മുമ്പ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഡൽഹി മദ്യ നയക്കേസിൽ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് സ്വന്തം വസതിയിൽ നടത്തിയ യോഗത്തിലാണ് എക്സിറ്റ് പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. 'ജാമ്യം ലഭിച്ച 21 ദിവസം അവിസ്മരണീയമായിരുന്നു. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് നന്ദി', കെജ്‌രിവാൾ പറഞ്ഞു. ഒരു നിമിഷം പോലും വെറുതെ ഇരുന്നില്ലെന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടിയും പ്രചാരണം നടത്തിയെന്നും കെജ്‌രിവാൾ പ്രതികരിച്ചു.

ഭരണ, പാർട്ടി ചുമതലകൾ കൈമാറി കെജ്‍രിവാൾ; അതിഷിയും സന്ദീപ് പഥക്കും നയിക്കും
ഫലം വരും മുമ്പ് സത്യപ്രതിജ്ഞയ്ക്ക് തീയതി കുറിച്ച് ബിജെപി; രാഷ്ട്രപതി ഭവനിൽ ഒരുക്കങ്ങൾ തുടങ്ങി?

Related Stories

No stories found.
logo
Reporter Live
www.reporterlive.com