ഫലം വരാനിരിക്കെ സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് കോൺഗ്രസ്; മുതിർന്ന നേതാക്കളുമായും യോഗം

ഇന്നലെ പുറത്തുവന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകൾ ഇൻഡ്യ മുന്നണിക്ക് നിരാശയാണ് നൽകുന്നത്
ഫലം വരാനിരിക്കെ സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് കോൺഗ്രസ്; മുതിർന്ന നേതാക്കളുമായും യോഗം

ന്യൂഡൽഹി: വോട്ടെണ്ണൽ മറ്റന്നാൾ നടക്കാനിരിക്കെ കോൺഗ്രസ് സ്ഥാനാർഥികളുടെ യോഗം വിളിച്ച് അധ്യക്ഷൻ മല്ലികാർ‌ജുൻ ഖർഗെയും രാഹുൽ ​ഗാന്ധിയും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. ശേഷം രാജ്യത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും യോഗം ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓൺലൈനായാണ് ഈ യോ​ഗം.

ഇന്നലെ പുറത്തുവന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകൾ ഇൻഡ്യ മുന്നണിക്ക് നിരാശയാണ് നൽകുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.

എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളുകയാണ് കോൺ​ഗ്രസ്. 295 സീറ്റില്‍ കൂടുതല്‍ ഇന്‍ഡ്യ‌ സഖ്യം നേടുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് പങ്കുവെക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെ ഇന്നലെ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.

എന്‍ഡിടിവിയെ കൂടാതെ മറ്റു ആറ് എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്‌സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്‌റസ് (353-368), ഡൈനിക് ഭാസ്‌കര്‍ (281-350), ന്യൂസ് നാഷണ്‍ (342-378), ജന്‍ കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോള്‍ തങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്‍ഡ്യാ മുന്നണി. ഉത്തര്‍പ്രദേശ്-40, രാജസ്ഥാന്‍-7, മഹാരാഷ്ട്ര-24, ബീഹാര്‍-22, തമിഴ്‌നാട്-39, കേരളം-20, ബംഗാള്‍ 24 (തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്‍ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്‍ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്‍ഡ്യാ മുന്നണി കണക്ക് കൂട്ടല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com