നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിഎസും ഒരുമിച്ച് പോരാടും: യെദിയൂരപ്പ

പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസിന് സഖ്യവുമായി ബന്ധമില്ലെന്നും ബിജെപി-ജെഡിഎസ് സഖ്യത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിഎസും ഒരുമിച്ച് പോരാടും: യെദിയൂരപ്പ

ബെംഗളൂരു: ജൂൺ 3-ന് നടക്കാനിരിക്കുന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിഎസും ഒരുമിച്ച് മത്സരിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ. പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസിന് സഖ്യവുമായി ബന്ധമില്ലെന്നും ബിജെപി-ജെഡിഎസ് സഖ്യത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് രണ്ട് സീറ്റിലും ബിജെപി നാല് സീറ്റിലും മത്സരിക്കും.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാസൻ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. പ്രജ്വൽ വിഷയത്തിൽ, കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിൽ ബിജെപി ഉറച്ചുനിൽക്കുന്നതായും യെദ്യൂരപ്പ പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 2019മുതല്‍ 2022വരെ പല തവണ പ്രജ്വല്‍ പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.

ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹമാധ്യമത്തില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെ പരാതിയുമായി യുവതി രംഗത്തെത്തുകയായിരുന്നു. സസ്പെൻഷനിലായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതായി വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയ ശേഷം പ്രജ്വല്‍ രേവണ്ണ തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് യുവതിയാണ് പരാതി നൽകിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com