കൊലപാതകം-എറണാകുളം; തർജ്ജമയിൽ പണികിട്ടി ഇന്ത്യൻ റെയിൽവെ

സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വൈറലായതോടെ വലിയ നിലയിലുള്ള വിമര്‍ശനമാണ് റെയില്‍വെക്കെതിരെ ഉയരുന്നത്
കൊലപാതകം-എറണാകുളം; തർജ്ജമയിൽ പണികിട്ടി ഇന്ത്യൻ റെയിൽവെ

റാഞ്ചി: റെയില്‍വെയുടെ തെറ്റായ തര്‍ജ്ജമ വൈറലാകുന്നു. ഹാട്ടിയ-എറണാകുളം എക്‌സ്പ്രസില്‍ ഹാട്ടിയ എന്നത് കൊലപാതകം എന്ന് മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്ത് ബോഗിയില്‍ എഴുതിയതാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വൈറലായതോടെ വലിയ നിലയിലുള്ള വിമര്‍ശനമാണ് റെയില്‍വെക്കെതിരെ ഉയരുന്നത്. ഹാട്ടിയ എന്ന ഹിന്ദി വാക്കുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പമാണ് ഇത്തരത്തിലൊരു അബദ്ധത്തിന് കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഹിന്ദിയില്‍ ഹാട്ടിയ എന്ന ഹത്യ എന്ന ഹിന്ദിവാക്കായി കണക്കാക്കി തര്‍ജ്ജമ ചെയ്യുകയായിരുന്നു. ഹത്യ എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം കൊലപാതകമെന്നാണ്. വിഷയം ചര്‍ച്ചയായതോടെ റെയില്‍വെ അധികൃതര്‍ കൊലപാതകം എന്ന മലയാളം വാക്ക് മഞ്ഞപെയിന്റ് ഉപയോഗിച്ച് മായ്ക്കുകയായിരുന്നു.

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്ക് സമീപമുള്ള പട്ടണമാണ് ഹാട്ടിയ. ആഴ്ചയില്‍ ഒരിക്കലാണ് ഹാട്ടിയ-എറണാകുളം എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. 'ശ് ശ് ശ്....ആരും അവരോട് പറയരുത്' എന്ന കുറിപ്പോടെ ഒരു എക്‌സ് ഉപഭോക്താവാണ് റെയില്‍വെയ്ക്ക് പറ്റിയ അബദ്ധത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. 'ഗൂഗിള്‍ ട്രാന്‍സിലേറ്റിനെ കൂടുതല്‍ ആശ്രയിക്കരുതെന്ന്' ഒരാള്‍ പോസ്റ്റില്‍ കമന്റ് ചെയ്തു. ഹിന്ദി വാക്ക് ഹത്യ എന്ന് തെറ്റായി തര്‍ജ്ജമ ചെയ്തതിനാല്‍ പറ്റിയ അബദ്ധമാണെന്നാണ് സംഭവത്തിൽ റെയിൽവെ റാഞ്ചി ഡിവിഷനിലെ സീനിയര്‍ ഡിവിഷല്‍ കൊമേഴ്‌സ്യല്‍ മാനേജരുടെ പ്രതികരണം. തെറ്റ് ശ്രദ്ധയില്‍ പെട്ട ഉടന്‍ തിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com