റണാവത്തിനറിയുമോ ചരിത്രം; ബോസ് അന്ന് പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു

1943 ഒക്‌ടോബര്‍ 21ന് സിംഗപ്പൂരിലാണ് സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് (സ്വതന്ത്ര ഇന്ത്യ) എന്ന സംഘടന രൂപീകരിച്ചത്
റണാവത്തിനറിയുമോ ചരിത്രം;
ബോസ് അന്ന് പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസാണെന്ന നടിയും ബിജെപി നേതാവുമായ കങ്കണ റണാവത്തിന്റെ തെറ്റായ പരാമര്‍ശം സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനവും പരിഹാസവുമേറ്റുവാങ്ങുകയാണ്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് റണാവത്ത് ഇത്തരമൊരു വിവാദ പരാര്‍ശം നടത്തിയത്. ഇതിനുപിന്നാലെ ഇവരുടെ ലോക വിവരത്തെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

1943 ഒക്‌ടോബര്‍ 21ന് സിംഗപ്പൂരിലാണ് സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് (സ്വതന്ത്ര ഇന്ത്യ) എന്ന സംഘടന രൂപീകരിക്കുന്നത്. ഇതിലൂടെ ബോസ് ഇന്ത്യയെ സ്വതന്ത്രമായി പ്രഖ്യാപിക്കുകയും താന്‍ രാജ്യതലവനായ ഒരു സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദിൻ്റെ പ്രധാനമന്ത്രി, രാഷ്ട്രത്തലവന്‍, യുദ്ധമന്ത്രി എന്നീ ചുമതലകൾ സ്വയം പ്രഖ്യാപിച്ചു. വനിതാ സംഘടനയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ക്യാപ്റ്റന്‍ ഡോ. ലക്ഷ്മി സ്വാമിനാഥന്‍. ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്ക് വേണ്ടി പോരാടുന്ന വനിതാ സൈനികരുടെ ബ്രിഗേഡായ റാണി ഝാന്‍സി റജിമെന്റിന്റെ കമാന്‍ഡറുമായിരുന്നു ഇവർ. റാണി ഝാന്‍സി റജിമെന്റ് സ്ത്രീകള്‍ മാത്രമായുണ്ടാക്കിയ ഏഷ്യയിലെ ആദ്യ യുദ്ധ റജിമെന്റാണ്.

ബോസ് താന്‍ രൂപീകരിച്ച 'ആസാദ് ഹിന്ദ് സര്‍ക്കാറി'ലൂടെ ഇന്ത്യന്‍ പൗരന്മാരുടെയും സൈനികരുടെയും മേല്‍ സ്വയം അധികാരം പ്രഖ്യാപിച്ചു, തുടര്‍ന്ന് അവര്‍ തങ്ങളുടെ കറന്‍സിയും കോടതിയും സിവില്‍ കോഡും പ്രഖ്യാപിച്ചു. അന്ന് സുഭാഷ് ചന്ദ്രബോസിന്റെ ഈ ധീരമായ നീക്കം ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യ സമരത്തിന് വലിയ പ്രചോദനം നല്‍കിയതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും മുമ്പ് സമാനമായ പരാമര്‍ശം നടത്തിയുരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ജപ്പാന്റെ സഹായത്തോടെ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരില്‍ രൂപീകരിച്ച 'ആസാദ് ഹിന്ദ് സര്‍ക്കാര്‍' സൂചിപ്പിച്ചാണ് അന്ന് രാജ്‌നാഥ് സിങ്ങ് സുഭാഷ് ചന്ദ്രബോസിനെ പ്രഥമ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാകാം കങ്കണയുടെയും ഇപ്പോഴത്തെ പരാമര്‍ശം.

സമൂഹമാധ്യമത്തിലെ വിമര്‍ശനത്തിനുശേഷം 'ആസാദ് ഹിന്ദ്' രൂപീകരണത്തിന്റെ ചരിത്രത്തെ സൂചിപ്പിച്ച് റണാവത്ത് സ്വന്തം വാദത്തെ പിന്നീട് ന്യായീകരിച്ചു. കൂടാതെ 1943ല്‍ ആസാദ് ഹിന്ദിന്റെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെയും ബോസ് സ്വയം ഇന്ത്യയുടെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിന്റെയും പറ്റിയുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും അവര്‍ 'എക്‌സി'ലൂടെ പങ്കുവെച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com