വർ​ഗീയ സം​ഘർഷം ആളിക്കത്തിച്ചു, പെരുമാറ്റച്ചട്ടം ലംഘിച്ചു; തേജസ്വി സൂര്യയ്‌ക്കെതിരെ പരാതി

നഗരത്പേട്ടയിൽ അടുത്തിടെയുണ്ടായ ഉച്ചഭാഷിണി വിവാദത്തിൽ പ്രകോപനപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്
വർ​ഗീയ സം​ഘർഷം ആളിക്കത്തിച്ചു, പെരുമാറ്റച്ചട്ടം ലംഘിച്ചു; തേജസ്വി സൂര്യയ്‌ക്കെതിരെ പരാതി

ബം​ഗളൂരു: വർഗീയ സംഘർഷം ആളിക്കത്തിച്ചെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ആരോപിച്ച് ബിജെപി പാർലമെൻ്റ് അംഗം തേജസ്വി സൂര്യയ്‌ക്കെതിരെ പരാതി. നഗരത്പേട്ടയിൽ അടുത്തിടെയുണ്ടായ ഉച്ചഭാഷിണി വിവാദത്തിൽ പ്രകോപനപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.

നഗരത്പേട്ടിൽ കടയുടമയെ ആക്രമിച്ച സംഭവത്തിൽ ബിജെപി നേതാക്കൾ വർഗീയ വശം ചേർത്തെന്ന് ആരോപിച്ച് കോൺഗ്രസ് നിയമ വിഭാഗം ജനറൽ സെക്രട്ടറി സൂര്യ മുകുന്ദരാജാണ് പരാതി നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും വർഗീയ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തിയതിനും തേജസ്വി സൂര്യയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വർഗീയമോ മതപരമോ ആയ വികാരം ഉണർത്തുന്നത് കുറ്റമായി കണക്കാക്കുന്ന സുപ്രീം കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷൻ്റെയും നിർദേശങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികളെന്നും പരാതിയിൽ പറയുന്നു.

സന്ധ്യ നമസ്കാര ബാങ്ക് വിളിക്കുന്നതിനിടെ മസ്ജിദ് റോഡിലെ കാസറ്റ് കടയിൽ ശബ്ദം കൂട്ടി ഹനുമാൻ സ്തോത്രം വെച്ച സംഭവവുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് തേജ്വസി സൂര്യക്കെതിരെ പരാതി നൽകിയത്. കടയുടമയെ കൈയേറ്റം ചെയ്തതെന്ന സംഭവം എംപി സാമുദായികവത്കരിച്ചു എന്നും പരാതിയിൽ പറയുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com