ഡ്രില്ലിങ് മെഷീൻ നന്നായി പ്രവർത്തിച്ചാൽ അവർക്കടുത്തെത്താനാകും: നിതിൻ ഗഡ്കരി

നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ഇന്ന് ഉത്തരാഖണ്ഡിലെ തുരങ്കത്തിനുള്ളിൽ മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ചു

dot image

ഉത്തരകാശി: ഡ്രില്ലിങ് മെഷീൻ നന്നായി പ്രവർത്തിച്ചാൽ രണ്ടുദിവസത്തിനകം ഉത്തരാഖണ്ഡിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കടുത്ത് രക്ഷാപ്രവർത്തകർക്ക് എത്താനാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 170 മണിക്കൂറിലധികമായി 40 തൊഴിലാളിളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ഇന്ന് സ്ഥലം സന്ദർശിച്ചു.

'ഓഗർ ഡ്രില്ലിങ് മെഷീൻ ശരിയായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അടുത്ത രണ്ട്-രണ്ടര ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് അവർക്കടുത്തേക്ക് എത്താൻ കഴിയും. നിരവധി മെഷീനുകൾ ഇവിടെ എത്തിയിട്ടുണ്ട്. രണ്ട് ഓഗർ മെഷീനുകൾ രക്ഷാപ്രവർത്തനം നടത്തുന്നതിനായി നിലവിൽ പ്രവർത്തിക്കുകയാണ്', നിതിൻ ഗഡ്കരി പറഞ്ഞു. രക്ഷാപ്രവർത്തകർക്ക് സഹായം നൽകാൻ സർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കുന്ന നിർമാണം പുരോഗമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നത്. ഇതോടെ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. തായ്ലൻഡ്, നോര്വെ എന്നിവിടങ്ങളില് നിന്നുള്ള വിദഗ്ധരടക്കമാണ് രക്ഷാ പ്രവര്ത്തനത്തിനുള്ളത്.

ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണ് തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

dot image
To advertise here,contact us
dot image