
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി സമിതി ആഭ്യന്തരമന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്നാണ് ശുപാര്‍ശ.
2018ല്‍ സുപ്രീംകോടതി വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയിരുന്നു. ഈ വിധി മറികടക്കുന്നതാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഉഭയസമ്മതമില്ലാത്ത സ്വവര്‍ഗരതി കുറ്റകരമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, സമിതി യോഗത്തില്‍ നേരത്തേ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തില്‍ വിവാഹേതര ലൈംഗിക ബന്ധം (IPC 497), സ്വവര്‍ഗ ലൈംഗിക ബന്ധം (IPC 377) തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകള്‍ ഒഴിവാക്കിയിരുന്നു.
എന്നാല്‍, ഭാരതീയ ശിക്ഷാനിയമം പരിശോധിച്ച പാര്‍ലമെന്ററി സമിതി യോഗത്തില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന ആവശ്യം ഉയര്‍ന്നു. വിവാഹം പരിശുദ്ധമാണ്. അതിനാല്‍ അത് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സമിതിയിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സുപ്രീം കോടതി റദ്ദാക്കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി കൊണ്ടുവരണമെന്ന ശുപാര്‍ശ കേന്ദ്രത്തിന് കൈമാറാന്‍ സമിതി തീരുമാനിച്ചത്.
വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ബന്ധം ഉണ്ടായാല്‍ അതില്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പില്‍ വ്യവസ്ഥ ഉണ്ടായിരുന്നുള്ളൂ. ശുപാര്‍ശ കരട് റിപ്പോര്‍ട്ട് രാജ്യസഭാഅംഗവും ബിജെപി നേതാവുമായ ബ്രിജ് ലാലിന്‍റെ അധ്യക്ഷതയില്‍ ഉള്ള പാര്‍ലമെന്ററി സമിതി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് കേന്ദ്രത്തിന് അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.