
ഇന്തോ-കനേഡിയൻ പഞ്ചാബി ഗായകൻ ശുഭ്നീത് സിങ്ങിന്റെ സംഗീത പരിപാടിയുടെ സ്പോൺസർഷിപ്പ് പിൻവലിക്കാൻ തീരുമാനിച്ച് ഇലക്ട്രോണിക്സ് ബ്രാൻഡായ ബോട്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളെ കറുപ്പ് നിറത്തിൽ അടയാളപ്പെടുത്തിയ നിലയിൽ വികലമായ ഇന്ത്യൻ ഭൂപടം പങ്കുവെച്ചതിന് പിന്നാലെയാണ് തീരുമാനം.
ഖാലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് നേരത്തെയും ശുഭിനെതിരെ വിമർശനങ്ങൾ വന്നിരുന്നു. പുതിയ പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനം ഉയരുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഉൾപ്പെടെയുള്ള പ്രമുഖർ ഇൻസ്റ്റാഗ്രാമിൽ ശുഭിനെ അൺഫോളോ ചെയ്യുകയും ചെയ്തു.
'സംഗീതത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ആഴത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ, ഞങ്ങൾ ആദ്യമായും പ്രധാനമായും ഒരു യഥാർത്ഥ ഇന്ത്യൻ ബ്രാൻഡാണ്. അതിനാൽ, ആർട്ടിസ്റ്റ് ശുഭ് ഈ വർഷമാദ്യം നടത്തിയ പരാമർശങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ, ഗായകന്റെ ഇന്ത്യൻ ടൂറിൽ നിന്ന് നിന്ന് ഞങ്ങളുടെ സ്പോൺസർഷിപ്പ് പിൻവലിക്കാൻ തീരുമാനിച്ചു,' ബ്രാൻഡ് കുറിച്ചു.
മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലായി സെപ്റ്റംബർ 23 മുതൽ 26വരെയാണ് കോൺസേർട്ട്. സോഷ്യൽ മീഡീയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പിന്തുണ പിൻവലിക്കുന്നതായി ബോട്ട് വ്യക്തമാക്കിയത്.