വനിതാ സംവരണ ബില്‍: ലോക്‌സഭയിലെ ചര്‍ച്ചയില്‍ സോണിയാ ഗാന്ധി സംസാരിക്കും

കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്
വനിതാ സംവരണ ബില്‍: ലോക്‌സഭയിലെ ചര്‍ച്ചയില്‍ സോണിയാ ഗാന്ധി സംസാരിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി സംസാരിക്കും. സോണിയ ഗാന്ധിയായിരിക്കും ചർച്ചയിൽ പാർട്ടിയുടെ മുഖ്യ പ്രഭാഷക. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. വനിതാസംവരണ ബില്‍ തങ്ങളുടേതാണെന്ന് സോണിയാ ഗാന്ധി ചൊവ്വാഴ്ച പറഞ്ഞിരുന്നു. പാര്‍ലമെന്റിലേക്ക് എത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.

വനിതാ സംവരണ ബില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്രത്തിന്റെ ഇവന്റ് മാനേജ്‌മെന്റ് എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത് പ്രധാനതലക്കെട്ടായെങ്കിലും നിയമം എന്ന് പ്രാബല്യത്തില്‍ വരും എന്നത് സംബന്ധിച്ച് കൃത്യതയില്ലെന്ന് ചൂണ്ടികാട്ടിയാണ് ജയറാം രമേശ് രംഗത്തെത്തിയത്. എക്സിലൂടെയായിരുന്നു പ്രതികരണം.

നാരീശക്തീ വന്ദന്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ലക്ഷ്യം വെച്ചുള്ളതാണ്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമ കൗണ്‍സിലിലും സംവരണ നിര്‍ദേശമില്ല.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നമ്മള്‍ എന്ത് ചെയ്യുന്നോ അത് രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും പ്രചോദനമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പാര്‍ലമെന്റിലെ മൂന്നില്‍ ഒന്ന് സീറ്റ് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാന്‍ കാബിനറ്റ് അനുമതി നല്‍കിയെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com