'അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസം​ഗമാകരുത്'; സനാതന ധർ‌മ്മ വിഷയത്തിൽ മദ്രാസ് ഹൈക്കോടതി

'അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസം​ഗമാകരുത്,മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രയോ​ഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ട്'
'അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസം​ഗമാകരുത്'; സനാതന ധർ‌മ്മ വിഷയത്തിൽ മദ്രാസ് ഹൈക്കോടതി

ചെന്നൈ: സനാതന ധർ‌മ്മ വിഷയത്തിൽ പ്രതികരിച്ച് മദ്രാസ് ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസം​ഗമാകരുത്. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രയോ​ഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ട്. രാഷ്ട്രത്തോടുളള കടമ, രാജാവിനോടുളള കടമ, മാതാപിതാക്കളോടും ​ഗുരുക്കന്മാരോടുമുളള കടമ തുടങ്ങി നിത്യമായുളള കടമകളുടെ ഒരു കൂട്ടമാണ് സനാതന ധർമ്മം. ഈ കടമകളെല്ലാം നശിപ്പിക്കപ്പെടാനുളളതാണെന്നാണ് സനാതന ധർമ്മത്തോടുളള എതിർപ്പിലൂടെ വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ജാതിയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമായുളള ഒരു ആശയമാണിതെന്ന് പ്രചരിപ്പിക്കുന്നതായി തോന്നുന്നു. ഈ ധാരണ തെറ്റാണ്. തുല്യ പൗരന്മാരുളള രാജ്യത്ത് തൊട്ടുകൂടായ്മ വെച്ചുപൊറുപ്പിക്കാനാവില്ല. 'സനാതന ധർമ്മ' തത്വങ്ങൾക്കുള്ളിൽ എവിടെയെങ്കിലും ഇത് അനുവദനീയമാണെന്ന് പറഞ്ഞാലും, അതിന് നിലനിൽപ്പില്ലെന്നും ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു.

സനാതന ധർമ്മം ജാതീയതയും തൊട്ടുകൂടായ്മയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശയമാണ് നിലവിൽ ഉയർന്നുവരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ ആർട്ടിക്കിൾ 15 പ്രകാരം തൊട്ടുകൂടായ്മ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. അങ്ങനെ നിർത്തലാക്കിയ തൊട്ടുകൂടായ്മ സനാതന ധർമ്മത്തിനകത്തോ പുറത്തോ പോലും അനുവദിക്കരുതെന്നും കോടതി ഊന്നിപ്പറഞ്ഞു.

ഭരണഘടനയിലെ ആർട്ടിക്കിൾ 19(1) (എ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനുളള അവകാശം നൽകുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഒരു സമ്പൂർണ്ണ അവകാശമല്ല. അഭിപ്രായ സ്വാതന്ത്ര്യം മതവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, ആർക്കും പരിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വികാരരഹിതവും ആരോഗ്യകരവുമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഭരണഘടനയുടെ ധാർമ്മികതകളും മൂല്യങ്ങളും മറക്കാതെ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

സനാതന ധർമ്മ വിഷയത്തിൽ വിദ്യാർത്ഥികളുടെ അഭിപ്രായമാരാഞ്ഞ് ​സർക്കാർ ആർട്സ് കോളേജ് ഇറക്കിയ സർക്കുലറിനെതിരെ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. തൊട്ടുകൂടായ്മയുടെ തിന്മകളെക്കുറിച്ചും സമൂഹത്തിലെ പൗരന്മാർ എന്ന നിലയിൽ എങ്ങനെ തൊട്ടുകൂടായ്മ ഇല്ലാതാക്കാമെന്നും വിദ്യാർത്ഥികളെ ബോധവന്മാരാക്കാമെന്നും കോടതി കോളേജിനെ പ്രോത്സാഹിപ്പിച്ചു. തമിഴ്നാട് മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു കോളേജ് സർക്കുലർ ഇറക്കിയിരുന്നത്. കോളേജ് ഇറക്കിയ സർക്കുലർ പിൻവലിച്ചിട്ടുണ്ട്. സനാതന ധർമ്മത്തിനെതിരെ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com