
ഹൈദരാബാദ്: മുന്‍ മന്ത്രിയും മുതിര്‍ന്ന ബിആര്‍എസ് നേതാവുമായ തുമ്മല നാഗേശ്വര റാവു കോൺഗ്രസിൽ ചേർന്നു. തുമ്മല നാഗേശ്വര റാവുവിന്റെ അംഗത്വം നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തെ സ്വീകരിച്ചു. സംസ്ഥാന കോൺഗ്രസ് എ രേവന്ത് റെഡ്ഡി, തെലങ്കാനയിലെ എഐസിസി ചുമതലയുളള മാണിക്കറാവു താക്കറെ എന്നിവരുടെ സാന്നിധ്യത്തിലാണ് നാഗേശ്വര റാവു കോൺഗ്രസിൽ ചേർന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പായാണ് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലയർ മണ്ഡലത്തിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് തുമ്മല നാഗേശ്വര റാവു ബിആർഎസുമായി അതൃപ്തിയിലായിരുന്നു. പാലയർ മണ്ഡലത്തിൽ കാണ്ട്‌ല ഉപേന്ദർ റെഡ്ഡിക്ക് ആണ് ബിആർഎസ് ടിക്കറ്റ് നൽകിയത്. കോൺഗ്രസ് വിട്ട് ബിആർഎസിൽ ചേർന്നയാളാണ് കാണ്ട്‌ല ഉപേന്ദർ റെഡ്ഡി.
തുമ്മല നാഗേശ്വര റാവുവിനെ കൂടാതെ മുന്‍ എംഎല്‍എമാരായ വെമുല വീരേശ്വം, യെന്നം ശ്രീനിവാസ് റെഡ്ഡി എന്നിവരും കോൺഗ്രസിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കരിംനഗറില്‍ നിന്നുള്ള മുന്‍ എംഎല്‍സി സന്തോഷ് കുമാറും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനയ്ക്ക് ശേഷമുളള കോൺഗ്രസിന്റെ ആദ്യ പ്രവർത്തക സമിതി യോഗമാണ് ഹൈദരാബാദിൽ നടന്നത്. ഞായറാഴ്ച പ്രവർത്തക സമിതി വിശാല യോഗം നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ ആറ് വാഗ്ദാനങ്ങൾ യോഗത്തില്‍ പ്രഖ്യാപിക്കും.