
മുംബൈ: സനാതനധര്മ്മവുമായി ബന്ധപ്പെട്ട പരാമര്ശത്തില് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മഹാരാഷ്ട്രയിലും കേസ്. മുംബൈ മീരാറോഡ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ ബിജെപി പ്രതിനിധി സംഘം ചൊവ്വാഴ്ചയാണ് കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസിന് മെമ്മോറാണ്ടം കൈമാറിയത്. മതവികാരം വ്രണപ്പെടുത്തല്, മതസ്പര്ധ വളര്ത്താന് ശ്രമിച്ചു തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് കേസ്.
സനാതന ധര്മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്ക്കപ്പെടേണ്ടതല്ല, പൂര്ണ്ണമായും നിര്മ്മാര്ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്ശം. സനാതന ധര്മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നു. തുടര്ന്ന് ഉദയനിധി സ്റ്റാലിനെതിരെ ഉത്തര്പ്രദേശ് റാംപൂര് പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് മഹാരാഷ്ട്രയിലും കേസെടുത്തിരിക്കുന്നത്.
അതേസമയം മകന്റെ പരാമര്ശത്തെ പിന്തുണച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന് രംഗത്തെത്തിയിരുന്നു. 'സ്ത്രീകള് ജോലി ചെയ്യരുത്, വിധവകളായ സ്ത്രീകള് പുനര്വിവാഹം ചെയ്യരുത്, പുനര്വിവാഹത്തിന് ആചാരങ്ങളോ മന്ത്രോച്ചാരണങ്ങളോ ഇല്ലെന്ന് വാദിക്കുന്ന ചില വ്യക്തികള് ഇപ്പോഴും സ്ത്രീകളെ ആത്മീയ വേദികളില് അപമാനിക്കുന്നു. മനുഷ്യരാശിയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ അടിച്ചമര്ത്താന് അവര് 'സനാതന' എന്ന പദം ഉപയോഗിക്കുന്നു. അത്തരം അടിച്ചമര്ത്തല് ആശയങ്ങള്ക്കെതിരെയാണ് ഉദയനിധി ശബ്ദമുയര്ത്തിയത്, ആ ആശയങ്ങളില് അധിഷ്ഠിതമായ ആചാരങ്ങള് ഉന്മൂലനം ചെയ്യാനാണ് ആഹ്വാനം ചെയ്തത്'; ഉദയനിധിയുടെ പ്രസ്താവനയില് എംകെ സ്റ്റാലിന് വ്യക്തത വരുത്തി.