
ജയ്‌പൂർ: രാജസ്ഥാനിലെ ക്രമസമാധാനത്തെക്കുറിച്ചുളള ബിജെപിയുടെ വിമർശനത്തിനെതിരെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും സ്ഥിതിയെക്കാൾ മെച്ചമാണ് രാജസ്ഥാനിലെ സ്ഥിതിയെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. അധികാരത്തിൽ വരാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുക മാത്രമാണ് ബിജെപി ചെയ്യുന്നതെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു. അശോക് ഗെഹ്ലോട്ട് മന്ത്രിസഭക്കെതിരെ ബിജെപി ഉയത്തിയ വിമർശനത്തെ എതിർത്ത് സച്ചിൻ പൈലറ്റ് രംഗത്ത് വന്നത് ശ്രദ്ധേയമായി.
ഉത്തർപ്രദേശിലും മധ്യപ്രദേശിലും കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയർന്നാണ് നിൽക്കുന്നത്. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ രാജസ്ഥാനിലെ ടോങ്കിൽ പ്രതികരിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി 'ക്രമസമാധാനം' ഒരു പ്രശ്നമാക്കാൻ ശ്രമിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വിമർശനമെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ജി20 അത്താഴവിരുന്നിലേക്ക് ക്ഷണിക്കേണ്ടതായിരുന്നുവെന്നും പൈലറ്റ് പറഞ്ഞു. ഖാർഗെയെ ക്ഷണിച്ചിരുന്നെങ്കിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് ലോകം കാണുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജസ്ഥാനില്‍ ഇപ്പോഴുയർന്ന കൂട്ടബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലുള്ള യുവാക്കൾക്ക് ഒപ്പം യുവതി സ്വമേധയാ പോയതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ കബളിപ്പിക്കാനാണ് ബലാത്സംഗ കഥ മെനഞ്ഞത്. തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതല്ല. യുവാക്കളുമായി തര്‍ക്കമുണ്ടായ ശേഷമാണ് യുവതിയെ റോഡില്‍ കണ്ടത് എന്നും പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലായിരുന്നു സംഭവം.