

സംസ്ഥാനത്ത് കുറച്ച ദിവസമായി സ്വര്‍ണവില കുത്തനെ ഇടിയുന്നതാണ് കണ്ടു കൊണ്ടിരിക്കുന്നത്. സ്വര്‍ണം പവന് 1240 രൂപയാണ് രണ്ടുദിവസം കൊണ്ട് കുറഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവില നിരക്ക് പവന് ഒരു ലക്ഷത്തിലേക്ക് എത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷം സ്വര്‍ണവില 90,000ത്തിനും 89,000ത്തിനും ഇടയില്‍ വന്ന് നില്‍ക്കുന്നതാണ് കാണാന്‍ സാധിച്ചത്. ഇന്ന് വീണ്ടും സ്വര്‍ണവില 89,000ത്തിന് താഴേക്ക് പോകുന്ന സൂചനയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. വെള്ളിവിലയും ഇന്ന് കുറഞ്ഞു.
ഡോളര്‍ കരുത്താര്‍ജിച്ചതാണ് ഇന്ന് പ്രധാനമായും സ്വര്‍ണവിപണിയെ സ്വാധിനിച്ചിരിക്കുന്നത്. ഇന്ന് ഡോളര്‍ സൂചിക 100 ന് മുകളിലെത്തി. ഉയര്‍ന്ന വിലയിലെ ലാഭമെടുപ്പും സ്വര്‍ണത്തിന്റെ നിരക്ക് കുറയ്ക്കുന്നതിന് കാരണമായെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 1.74 ശതമാനം ഇടിഞ്ഞ് 3,932 ഡോളര്‍വരെ എത്തിയിരുന്നു. ഇന്ന് രാവിലെ വില തിരിച്ചു കയറി 3,953 ഡോളറിലെത്തിയെങ്കിലും 4,000 ഡോളറിലേക്ക് കടന്നില്ല. ഈ വര്‍ഷം സ്വര്‍ണവിലയില്‍ 60 ശതമാനത്തിന്റെ വളര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്നാല്‍ വര്‍ഷാവസനത്തോടെ അത് കുറയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
അതേസമയം, 2025ലെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണാഭരണത്തിന്മേലുള്ള ഡിമാന്റ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വിലക്കയറ്റം ആഭരണം വാങ്ങുന്നതിനെ നിയന്ത്രിച്ചതാണ് ഇതിന് കാരണമായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മൊത്തം സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യം 209.4 ടണ്ണായി കുറഞ്ഞുവെന്നാണ് കണക്ക്. 2024ല്‍ ഇതേ കാലയളവില്‍ ഇത് 248.3 ടണ്ണായിരുന്നു.
ഇതൊക്കെയാണെങ്കിലും വിലയിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവ് സ്വര്‍ണ്ണത്തിന്റെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. സ്വര്‍ണത്തിന്റെ മൂല്യം 23 ശതമാനം ഉയര്‍ന്ന് 1,65,380 കോടി രൂപയില്‍ നിന്ന് 2,03,240 കോടി രൂപയായായിട്ടുണ്ട്. ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും സ്വര്‍ണാഭരണങ്ങളായാണ് നടക്കുന്നത്. സ്വര്‍ണാഭരണ ഉപഭോഗം നേരത്തെയുണ്ടായിരുന്ന 171.6 ടണ്ണില്‍ നിന്ന് 31 ശതമാനം കുറഞ്ഞ് 117.7 ടണ്ണായി മാറിയിട്ടുണ്ട്. അളവില്‍ കുറവുണ്ടായെങ്കിലും വില ഉയര്‍ന്നതിനാല്‍ സ്വര്‍ണാഭരണ ഉപഭോഗത്തിന്റെ മൂല്യം ഏകദേശം 1,14,270 കോടി രൂപയില്‍ തന്നെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2025ല്‍ ഇന്ത്യയുടെ സ്വര്‍ണ ഡിമാന്‍ഡ് 600 മുതല്‍ 700 ടണ്‍ വരെയാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യം റെക്കോര്‍ഡ് കണക്കായ 1,313 ടണ്ണിലെത്തിയിട്ടുണ്ട്. ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍, വ്യാപാര സംഘര്‍ഷങ്ങള്‍, ഡോളര്‍ കരുതല്‍ ശേഖരം സ്വര്‍ണ്ണമാക്കി മാറ്റുന്നത് തുടങ്ങിയവ വരും മാസങ്ങളില്‍ വിലയുടെയും ഡിമാന്‍ഡിന്റെയും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Gold price variation in market