ഇന്ത്യയിലെ അതിസമ്പന്നര്‍ എന്തുകൊണ്ട് രാജ്യം വിടുന്നു; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

നിരവധി കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

dot image

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായവരില്‍ വലിയൊരു വിഭാഗം രാജ്യം വിടുകയോ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായോ റിപ്പോര്‍ട്ടുകള്‍. ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സ്ഥാപനമായ കൊട്ടക് പ്രൈവറ്റും ഇവൈയ് കണ്‍സള്‍ട്ടനസിയും നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മോശം ജീവിത സാഹചര്യമാണ് പ്രധാനമായും പഠനത്തില്‍ എടുത്തു പറയുന്നത്. വിദേശത്തെ മെച്ചപ്പെട്ട ജീവിത നിലവാരം, മികച്ച ആരോഗ്യ സംരക്ഷണം, സൗഹൃദപരമായ ബിസിനസ് അന്തരീക്ഷം തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയിലെ 22ശതമാനം അതിസമ്പന്നരെ മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. താമസം മാത്രമല്ല പലരും അവരുടെ സമ്പത്തും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതായാണ് കണക്ക്.

കൂടാതെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനും ഇത്തരത്തിലുള്ളവര്‍ മുന്‍ഗണന നല്‍കുന്നു. യുഎച്ച്എന്‍ഐകള്‍ തങ്ങളുടെ കുട്ടികളെ ആഗോള ഗുണനിലവാരമുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ 2024ല്‍ 13,33,000 വിദ്യാര്‍ത്ഥികള്‍ വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യ വിട്ടുവെന്നാണ് കൊട്ടക്-ഇവൈ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിസമ്പന്നര്‍ തങ്ങളുടെ കുടിയേറ്റ തീരുമാനത്തെ 'ഭാവിയിലെ നിക്ഷേപം' എന്നാണ് വിശേഷിപ്പിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.

2023ലെ കണക്കനുസരിച്ച്, 2.83 ലക്ഷം ഇന്ത്യക്കാരെയാണ് അള്‍ട്രാ ഹൈ നെറ്റ് വര്‍ത്ത് വ്യക്തികള്‍ അല്ലെങ്കില്‍ യുഎച്ച്എന്‍ഐ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരുടെയും ആസ്തി 25 കോടി രൂപയില്‍ കൂടുതലാണെന്നാണ് പഠനം പറയുന്നത്. ഇവരുടെയെല്ലാം മൊത്തം സമ്പത്ത് 2.83 ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കുകള്‍. 2028 അവസാനത്തോടെ, യുഎച്ച്എന്‍ഐകളുടെ എണ്ണം 4.3 ലക്ഷമായി വളരുമെന്നും അവരുടെ മൊത്തം സമ്പത്ത് 359 ലക്ഷം കോടി രൂപയാകുമെന്നുമാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

2011നും 2023നും ഇടയില്‍ 16 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ 135 രാജ്യങ്ങളിലായി പൗരത്വം സ്വീകരിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎച്ച്എന്‍ഐകളുടെ കുടിയേറ്റം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Content highlights: India's Super Rich Are Leaving the Country in Search of Better Standard of Living

dot image
To advertise here,contact us
dot image