ഓമനമൃഗങ്ങള്‍ക്കുവരെ സ്വത്തിന്റെ ഒരു ഭാഗം;രത്തന്‍ ടാറ്റയുടെ 3800 കോടി മൂല്യമുള്ള വില്‍പത്രം

തന്റെ സ്വത്തില്‍ ഏറിയപങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രത്തന്‍ ടാറ്റ മാറ്റിവച്ചിരിക്കുന്നത്.

dot image

ലോകം കണ്ട മികച്ച ബിസിനസ്സുകാരന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തകനാണ് രത്തന്‍ ടാറ്റ. ലോകത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹം തുടങ്ങി വച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ അദ്ദേഹം ജീവിക്കും. 2024 ഒക്ടോബര്‍ 9ന് വിടപറഞ്ഞ രത്തന്‍ ടാറ്റയുടെ വില്‍പത്രം പുറത്തുവന്നിരിക്കുകയാണ്. സ്വത്തില്‍ ഏറിയപങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രത്തന്‍ ടാറ്റ മാറ്റിവച്ചിരിക്കുന്നത്. അതേസമയം കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും സ്റ്റാഫിനും പ്രിയപ്പെട്ട ഓമനമൃഗങ്ങള്‍ക്കും വേണ്ടിയും ഒരു ഭാഗം അദ്ദേഹം മാറ്റിവച്ചിട്ടുണ്ട്.

3800 കോടി രൂപയോളം മൂല്യമുള്ള തന്റെ ആസ്തിയില്‍ വലിയൊരു പങ്കും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും വേണ്ടിയാണ് രത്തന്‍ ടാറ്റ നീക്കിവച്ചിരിക്കുന്നത്. ഈ രണ്ടു സന്നദ്ധ സംഘടനകളും പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും. ടാറ്റ സണ്‍സിലെ ഷെയറുകള്‍ക്ക് പുറമേ, മറ്റു സ്റ്റോക്കുകളിലും രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിരുന്നു. 2022 ഫെബ്രുവരി 23ന് തയ്യാറാക്കിയ വില്‍പത്രത്തില്‍ 4 അനുബന്ധ പത്രങ്ങള്‍ കൂടിയുണ്ട്. വില്‍പത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് അനുമതി നല്‍കുന്നതാണ് ഇവ. ഇതുപ്രകാരം അദ്ദേഹത്തിന്റെ ഷെയറുകളും, നിക്ഷേപങ്ങളും ഈ സന്നദ്ധ സംഘടനകള്‍ക്ക് തന്നെ കൈമാറാനാണ് നിര്‍ദേശം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വില്‍പത്രത്തില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നതെങ്കിലും ബാങ്ക് ഡെപ്പോസിറ്റ്, സ്‌റ്റോക്കുകള്‍, 800 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ തുടങ്ങി സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗം അര്‍ധ സഹോദരിമാരായ ശിരീന്‍ ജെജീഭോയ്, ഡിയെന്ന ജെജീഭോയ് എന്നിവര്‍ക്കാണ് ഭാഗിച്ച് നല്‍കിയിരിക്കുന്നത്. രത്തന്‍ ടാറ്റയുമായി അടുപ്പമുണ്ടായിരുന്ന ടാറ്റ ഗ്രൂപ്പിലെ മുന്‍ ജീവനക്കാരി മോഹിനി എം ദത്തയ്ക്കും സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗം നല്‍കിയിട്ടുണ്ട്. 82 വയസ്സ് പ്രായമുള്ള അദ്ദേഹത്തിന്റെ സഹോദരന്‍ ജിമ്മി നവല്‍ ടാറ്റയെയും വില്‍പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാറ്റയുടെ ജൂഹു ബംഗ്ലാവിന്റെ ഒരു ഷെയര്‍ അദ്ദേഹത്തിന് ലഭിക്കും. ഒപ്പം കുറച്ച് ആഭരണങ്ങളും വെള്ളിയില്‍ തീര്‍ത്ത വസ്തുക്കളും അദ്ദേഹത്തിനായി നീക്കി വച്ചിട്ടുണ്ട്.

രത്തന്‍ ടാറ്റയുടെ അലിബാഗിലെ പ്രോപ്പര്‍ട്ടിയും മൂന്നുതോക്കുകളും അടുത്ത സുഹൃത്തായ മെഹ്‌ലി മിസ്ത്രിക്കാണ് നല്‍കിയിരിക്കുന്നത്. അവരുടെ സൗഹൃദത്തിന്റെ ഓര്‍മകള്‍ അവ ഉണര്‍ത്തട്ടെ എന്നും വില്‍പത്രത്തില്‍ പറയുന്നുണ്ട്. ഓമനമൃഗങ്ങള്‍ക്കായി 12 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. രത്തന്‍ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന ശന്തനു നായിഡു വിദ്യാഭ്യാസ ലോണ്‍ എടുത്തിരുന്നു. ജെയ്ക്ക് മലൈറ്റ് എന്ന അയല്‍ക്കാരനും ഒരു വിദ്യാഭ്യാസ ലോണ്‍ എടുത്തിരുന്നു അതുരണ്ടും എഴുതിത്തള്ളിയിട്ടുണ്ട്. ടാറ്റയ്ക്ക് വിദേശത്ത് 40 കോടി രൂപ മൂല്യമുള്ള വസ്തുക്കളുള്ളതായാണ് വിവരം. ഇതേക്കുറിച്ചും ആഡംബര വാച്ചുകളെകുറിച്ചുമെല്ലാം വില്‍പത്രത്തില്‍ രത്തന്‍ ടാറ്റ പറയുന്നുണ്ട്.

Content Highlights: Ratan Tatas Rs 3800 crore will

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us